നരിയങ്ങാനം: നരിയങ്ങാനം എസ്.എം.എം.യു.പി സ്കൂളിൽ ശിശുദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. തലപ്പുലം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ചിത്ര സജി ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ബിജുമോൻ മാത്യു സ്വാഗതം ആശംസിച്ചു.
എൽ.കെ.ജി, യു.കെ.ജി വിഭാഗങ്ങളിലെ കുരുന്നുകൾക്ക് പ്രത്യേക പ്രാധാന്യം നൽകിക്കൊണ്ടായിരുന്നു ആഘോഷങ്ങൾ. കുട്ടികളുടെ പാട്ടും നൃത്തവും ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി.
തുടർന്ന് ചാച്ചാജിയുടെ സ്മരണകൾ ഉയർത്തിപ്പിടിച്ച് ‘ചാച്ചാജിക്ക് ജയ്’ വിളികളുമായി കുട്ടികൾ അണിനിരന്ന ശിശുദിന റാലിയും നടന്നു. കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തതോടെ ആഘോഷങ്ങൾക്ക് സമാപനമായി.















