ഡൽഹി ജന്തർ മന്തറിൽ നടന്ന മിന്നൽ പ്രതിഷേധവുമായി ബന്ധപ്പെട്ട് പിടിയിലായ കോക്ക്റോച്ച് ജനത പാർട്ടി (CJP) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ വിട്ടയച്ചു. ഡൽഹി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ് ഇരുവരെയും വിട്ടയക്കാൻ ഉത്തരവിട്ടത്.
അറസ്റ്റിലായി ഒമ്പതാം ദിവസമാണ് ഇരുവർക്കും മോചനം സാധ്യമായത്.
നിരോധിത മേഖലയായ ജന്തർ മന്തറിലേക്ക് അതിക്രമിച്ചു കയറിയെന്നും ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് ഡൽഹി പോലീസാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഒക്ടോബർ 13-നായിരുന്നു പോലീസിന്റെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും കണ്ണ് വെട്ടിച്ച് സി.ജെ.പിയുടെ മിന്നൽ പ്രതിഷേധം നടന്നത്.
പാർലമെന്റ് സ്ട്രീറ്റിന് സമീപമുള്ള ഇടവഴിയിലൂടെ നടന്ന് സമീപത്തെ മതിൽ ചാടിക്കടന്നാണ് സി.ജെ.പി പ്രവർത്തകർ ജന്തർ മന്തറിനുള്ളിൽ കടന്നത്. ദേശീയപതാക വീശി മുദ്രാവാക്യം വിളിച്ചയുടൻ പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിരോധനാജ്ഞയും ജാമ്യവ്യവസ്ഥകളും ലംഘിച്ചായിരുന്നു അശുതോഷ് റാങ്ക, സൗരവ് ദാസ്, അഹിങ്ക്യ ഷിൻഡേ എന്നീ സി.ജെ.പി നേതാക്കളുടെ നീക്കം.















