തങ്ങളുടെ യുദ്ധക്കപ്പലുകൾക്ക് നേരെ മിസൈലാക്രമണം നടത്തിയ ഇറാന്റെ നടപടിക്ക് തിരിച്ചടിയായി ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ തകർത്ത് അമേരിക്ക. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐ.ആർ.ജി.സി.) ഉടമസ്ഥതയിലുള്ള എം/ടി ഡൗണി, എം/ടി സ്റ്റാർക് 1, ചരക്കില്ലാതിരുന്ന എം/ടി കൈലോ എന്നിവയ്ക്ക് നേരെയാണ് യു.എസ്. സൈന്യം ആക്രമണം നടത്തിയത്.
ഖാർഗ് ദ്വീപിന് സമീപത്ത് വെച്ച് എം/ടി ഡൗണിയും ജാസ്കിന് സമീപത്ത് വെച്ച് എം/ടി സ്റ്റാർക് 1 ഉം ആക്രമിച്ച യു.എസ്. സെൻട്രൽ കമാൻഡ് (സെന്റകോം), ഒമാൻ ഉൾക്കടലിൽ വെച്ചാണ് മൂന്നാമത്തെ കപ്പൽ തകർത്തത്. യു.എസിന്റെ എയർക്രാഫ്റ്റ് കരിയറിനും ഡിസ്ട്രോയർ കപ്പലിനും നേരെ ഐ.ആർ.ജി.സി. നടത്തിയ മിസൈലാക്രമണത്തിന് പ്രതികാരമായാണ് ഈ നടപടിയെന്ന് സെന്റകോം അറിയിച്ചു. ആക്രമണത്തിൽ യു.എസ്. സൈനികർക്കാർക്കും പരിക്കേറ്റിട്ടില്ല.
സ്വയം പ്രതിരോധിക്കാൻ യു.എസ്. സൈന്യം മടിക്കില്ലെന്നും വേണമെങ്കിൽ ഇറാന്റെ എണ്ണക്കപ്പൽ വ്യൂഹം മുഴുവൻ തകർക്കുമെന്നും യു.എസ്. സെൻട്രൽ കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ മുന്നറിയിപ്പ് നൽകി. ഞങ്ങളുടെ രണ്ട് കപ്പലുകൾക്ക് നേരെ വെടിയുതിർത്താൽ നിങ്ങളുടെ മൂന്ന് എണ്ണക്കപ്പലുകൾ തകർത്ത് വൻ സാമ്പത്തിക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന സന്ദേശമാണ് ഐ.ആർ.ജി.സിക്ക് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

















