പെരുമ്പാവൂർ: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (KHRA) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ “നല്ലോണം 2026” ഓണാഘോഷ പരിപാടി പെരുമ്പാവൂർ ഗവണ്മെന്റ് ആശുപത്രിക്ക് സമീപമുള്ള കല്ലുങ്കൽ ഓഡിറ്റോറിയത്തിൽ വെച്ച് ഭംഗിയായി സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ബഹു. എം.എൽ.എ ശ്രീ. മനോജ് മുത്തേടൻ നിർവ്വഹിച്ചു.
കെ.എച്ച്.ആർ.എ സംസ്ഥാന പ്രസിഡന്റ് ശ്രീ. ജി. ജയപാലിന്റെ കാർമികത്വത്തിൽ എറണാകുളം ജില്ലാ പ്രസിഡന്റ് വി. ടി. ഹരിഹരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംഘടനയുടെ ഏറ്റവും സുപ്രധാനമായ ‘KHRA സുരക്ഷാ പദ്ധതി’യുടെ സഹായധന തുകയായ 10 ലക്ഷം രൂപ, പദ്ധതിയിൽ അംഗമായിരുന്ന പരേതന്റെ കുടുംബാംഗങ്ങൾക്ക് എം.എൽ.എ മനോജ് മുത്തേടൻ ചടങ്ങിൽ വെച്ച് കൈമാറി.
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി ഓണത്തിന്റെ സന്തോഷം പങ്കുവെക്കാനും സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കാനും ഇത്തരം ആഘോഷങ്ങൾ ഏറെ വിലപ്പെട്ടതാണെന്നും, കേരളത്തിലെ 14 ജില്ലകളിലും ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഓണാഘോഷങ്ങൾ നടന്നുവരികയാണെന്നും സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഓണസന്ദേശത്തിൽ വ്യക്തമാക്കി.
ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സംഗീത, മുൻ എം.എൽ.എ എൽദോസ് കുന്നപ്പള്ളി, മുൻ നഗരസഭ ചെയർമാൻ അഡ്വ. എം. സി. മോഹനൻ, സി.പി.ഐ നേതാവ് രാജേഷ് കാവുങ്കൽ, മുൻ നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷറഫ്, നഗരസഭ കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.
കൂടാതെ കെ.എച്ച്.ആർ.എ സംസ്ഥാന സെക്രട്ടറി മനോഹരൻ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അസീസ് മൂസ, ജില്ലാ സെക്രട്ടറി കെ. റ്റി. റഹിം, പെരുമ്പാവൂർ യൂണിറ്റ് പ്രസിഡന്റ് കെ. ബി. ശശി, ജില്ലാ ട്രഷറർ എൻ. എം. അബ്ദുൾ സമദ് തുടങ്ങിയ പ്രമുഖ നേതാക്കൾ ആശംസകൾ അറിയിച്ചു സംസാരിച്ചു.
അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനവിതരണവും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

















