ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബാലിയാന്റെ കൊലപാതക കേസ് പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ ഉത്തർപ്രദേശ് പോലീസും സ്പെഷ്യൽ ടാസ്ക് ഫോഴ്സും (STF) ചേർന്ന് ഏറ്റുമുട്ടലിൽ വധിച്ചു. ഗോഗി ഗാങ് അംഗങ്ങളായ സുമിത്, മോഹിത് എന്നിവരാണ് കൊല്ലപ്പെട്ടത്.
യുപിയിലെ ഷാംലിയിൽ വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്. വാഹന പരിശോധനയ്ക്കിടെ പോലീസിനു നേരെ പ്രതികൾ വെടിയുതിർക്കുകയായിരുന്നുവെന്നും തുടർന്നുണ്ടായ തിരിച്ചടിയിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്നും ഷാംലി എസ്പി നരേന്ദ്ര പ്രതാപ് സിങ് അറിയിച്ചു. കൊല്ലപ്പെട്ടവരിൽ നിന്ന് വൻ ആയുധശേഖരവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കൊലപാതക സംഘത്തിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

















