ലോകത്തിന് മുന്നിൽ അധിനിവേശം സ്ഥാപിക്കുന്ന ഒരു മഹാശക്തിയല്ല ഇന്ത്യയെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭഗവത്. മറിച്ച് മാനവികതയ്ക്കായുള്ള നിസ്വാർത്ഥ സേവനത്തിലൂടെ ‘വിശ്വഗുരു’വായാണ് ഇന്ത്യ നിലകൊള്ളുന്നതെന്നും കാനഡയിലെ ടൊറന്റോയിൽ നടന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള യുദ്ധങ്ങളിൽ നിന്നും പീഡനങ്ങളിൽ നിന്നും രക്ഷപ്പെട്ടവർക്ക് ചരിത്രപരമായി ഇന്ത്യ എപ്പോഴും അഭയം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടാം ലോകമഹായുദ്ധകാലത്ത് പോളിഷ് അഭയാർത്ഥികൾക്ക് ജാംനഗർ മഹാരാജാവ് സംരക്ഷണം നൽകിയ ചരിത്രവും, പശ്ചിമേഷ്യൻ സംഘർഷസമയത്ത് സ്വന്തം പൗരന്മാർക്ക് പുറമെ ഏഴ് രാജ്യങ്ങളിലെ പൗരന്മാരെ ഇന്ത്യ സുരക്ഷിതമായി നാട്ടിലെത്തിച്ചതും അദ്ദേഹം ഓർമ്മിപ്പിച്ചു.
നമ്മുടെ പൂർവ്വികർ ലോകസഞ്ചാരം നടത്തിയത് ആസ്ട്രോണമി, ആയുർവേദം, സാംസ്കാരിക മൂല്യങ്ങൾ എന്നിവ പ്രചരിപ്പിക്കാനാണ്, അല്ലാതെ ആധിപത്യം സ്ഥാപിക്കാനല്ല. ‘ഹിന്ദു’ എന്ന പദം ഒരു പ്രത്യേക ഭാഷയിലോ ആരാധനാ രീതിയിലോ ഒതുങ്ങുന്ന ഒന്നല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ലോകം മുഴുവൻ ഒരു കുടുംബമാണെന്ന ‘വസുധൈവ കുടുംബകം’ എന്ന ആശയമാണ് ഭാരതത്തിന്റേതെന്നും കൂട്ടിച്ചേർത്തു.

















