നേപ്പാളിലെ ഭോട്ടെ കോഷി നദിയിലുണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 162 ആയി ഉയർന്നു. എട്ട് ജില്ലകളിൽ നിന്നായാണ് ഇത്രയും മൃതദേഹങ്ങൾ കണ്ടെടുത്തത്. ചിത്വാൻ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് 64 മൃതദേഹങ്ങളും നവൽപരാസി ഈസ്റ്റിൽ നിന്ന് 26
മൃതദേഹങ്ങളും കണ്ടെടുത്തു. ദുരന്തത്തിൽ 403 വിനോദസഞ്ചാരികളും 28 പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 844 പേരെ കാണാതായിട്ടുണ്ട്. കാണാതായവരിൽ 341 പേർ വിദേശികളാണ്; ഇതിൽ 142 പേർ ഇന്ത്യക്കാരാണ്. ഓസ്‌ട്രേലിയ, നെതർലൻഡ്‌സ്, യു.എസ്, മലേഷ്യ, യു.കെ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളും കാണാതായവരുടെ പട്ടികയിലുണ്ട്.
ടിബറ്റിൽ രേഖപ്പെടുത്തിയ 4.4 തീവ്രതയുള്ള ഭൂചലനത്തെ തുടർന്നുണ്ടായ വൻ ഹിമപാതവും മണ്ണിടിച്ചിലുമാണ് നദിയിലെ ഒഴുക്ക് തടസ്സപ്പെടുത്തി പ്രളയത്തിന് കാരണമായതെന്നാണ് നിഗമനം. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നേപ്പാൾ പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവിധ അടിയന്തര സഹായങ്ങളും വാഗ്ദാനം ചെയ്തു. അതേസമയം, നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന് ചൈന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

















