ഏറ്റുമാനൂർ : നീറനാനിയിൽ ഫിലിംസിൻ്റെ ബാനറിൽ സജി ഫ്രാൻസിസ് നിർമ്മിക്കുന്ന ലഹരിക്കെതിരെയുള്ള മലയാളം ഫീച്ചർ ഫിലിം പ്രദർശനത്തിനൊരുങ്ങുന്നു. കുമാരനല്ലൂർ ഗവ യു.പി സ്കൂളിലെ സീനിയർ അദ്ധ്യാപകൻ അജി കെ സെബാസ്റ്റ്യൻ രചനയും സംഗീതവും സംവിധാനവും നിർവ്വഹിച്ചണിയിച്ചൊരുക്കിയ “ദ കിഡ് ഫൈറ്റേഴ്സ് ” എന്ന ആക്ഷൻ സിനിമയിലൂടെ കുട്ടികളും സമൂഹവും തിരിച്ചറിയേണ്ട ചതിക്കുഴികളെയും ലഹരിയുടെ വിവിധ വ്യാപനത്തേയും കുറിച്ച് അവബോധം ഉളവാക്കുന്നുവെന്ന്
സംവിധായകൻ അജി കെ സെബാസ്റ്റ്യൻ പത്രസമ്മേളനത്തിൽ അറിയിച്ചു .
ഈ സിനിമയിൽ കേരള സംസ്ഥാന എക്‌സൈസ് ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ. അദ്ധ്യാപകർ, വിവിധ ഗവൺമെൻ്റ് ഉദ്യോഗസ്ഥർ ,സന്യസ്തർ, കുട്ടികൾ എന്നിങ്ങനെ നൂറിൽപരം അഭിനേതാക്കൾ മുഖം കാണിച്ചിട്ടുണ്ട്. 4 ഫൈറ്റുകളും 4 ഗാനങ്ങളും ഉള്ള ഈ സിനിമയിൽ ഒരു ഗാനം ആലപിച്ചിരിക്കുന്നത് പിന്നണി ഗായിക ദലീമയാണ്.
കൂടാതെ കുട്ടികളുടെ ഗാനം ആലപിച്ചിരിക്കുന്നത് കുമാരനല്ലൂർ ഗവ യുപി സ്‌കൂളിലെ ഏതാനും വിദ്യാർത്ഥികളാണ്. അവരുടെ അമ്മമാരും ഈ സിനിമയിൽ മുഖം കാണിച്ചിട്ടുണ്ട്. കണ്ണൂർ ബാബു. വത്സല അജി എന്നിവരും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ലഹരിക്കെതിരെ ശക്തമായ നിരവധി സന്ദേശങ്ങൾ നൽകിയിട്ടുള്ള ഈ സിനിമയിൽ പെൺകുട്ടികളാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി ഡ്യൂപ്പില്ലാതെ സാഹസികമായി സംഘട്ടന രംഗങ്ങളിൽ അഭിനയിച്ചിരിക്കുന്നത് 15 വയസ്സിൽ താഴെയുള്ള ഈ സിനിമയിലെ പെൺകുട്ടികളാണ്. ഈ സിനിമയിലെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഗിച്ചിൻ അജി സെബാസ്റ്റ്യൻ ആണ്. നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മാന്നാനം കെ.ഇ കോളേജിലെ വിദ്യാർത്ഥിനി കുമാരി ദേവി കൃഷ്ണവിജയ് ആണ്. പദ്മകുമാർ റാന്നി, കമലാസനൻ എന്നിവർ ഈ സിനിമയുടെ സഹ നിർമ്മാതാക്കളാണ്.
അധ്യയന വർഷ ആരംഭത്തിനോട് അനുബന്ധിച്ച് സിനിമ പ്രദർശനത്തിന് എത്തും
അജി കെ .സെബാസ്റ്റ്യൻ , നിർമ്മാതാക്കളായ സജി ഫ്രാൻസിസ് , കമലാസനൻ എന്നിവർ പങ്കെടുത്തു .















