പാലാ: 1901-ൽ സ്ഥാപിതമായ ചരിത്രപ്രസിദ്ധമായ പൈക സെൻ്റ് ജോസഫ് ദേവാലയത്തിൻ്റെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം മെയ് 23-ാം തീയതി ശനിയാഴ്‌ച നടക്കും.
ഉച്ചകഴിഞ്ഞ് 2:30-ന് ഇടവകയിലെ വൈദികരുടെയും സന്യസ്തരുടെയും സംഗമത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. തുടർന്ന് വൈകുന്നേരം 4:00-ന് ഇടവക വൈദികർ ഒരുമിച്ച് ചേർന്ന് സമൂഹബലി അർപ്പിക്കും. ജൂബിലി സമാപന സമ്മേളനത്തിന് ശേഷം ഇടവകാംഗങ്ങൾ അണിയിച്ചൊരുക്കുന്ന വൈവിധ്യമാർന്ന കലാസന്ധ്യയും അരങ്ങേറും.
പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. പാലാ രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ, ഫ്രാൻസിസ് ജോർജ് എം.പി, മാണി സി കാപ്പൻ എം.എൽ.എ, ജോസ് കെ മാണി എം.പി, കൊഴുവനാൽ ഫൊറോനാ വികാരി റെവ. ഫാ. ജോസ് നെല്ലിക്കത്തെരുവിൽ എന്നിവർ സമ്മേളനത്തിൽ ആശംസകൾ നേരും.
പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ വികാരി ഫാ. മാത്യു വാഴയ്ക്കാപ്പാറ, ഫാ. മാത്യു തെരുവൻകുന്നേൽ, തോമാച്ചൻ പാലക്കുടി, സണ്ണി പാലയ്ക്കൽ, സാബു മുട്ടത്തുകുന്നേൽ, ടോമി കളപ്പുരയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.















