പാലാ: ബിസിനസ്-സാമൂഹിക മേഖലകളിലെ ഐക്യവും നാടിന്റെ വികസനവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന യങ് മെൻസ് കൾചറൽ ആൻഡ് വെൽഫയർ അസോസിയേഷൻ (YMCWA) സംഘടിപ്പിക്കുന്ന ‘YMCWA നാട്ടരങ്ങ് ചേർപ്പുങ്കൽ 2026’ മെയ് 17 ഞായറാഴ്ച നടക്കും. ചേർപ്പുങ്കൽ ഹൈവേയിലെ ലിബർട്ടി ട്രീ ജംഗ്ഷന് സമീപം വൈകിട്ട് 5 മണി മുതലാണ് പരിപാടികൾ ആരംഭിക്കുന്നത്.
ചേർപ്പുങ്കൽ വ്യാപാരി വ്യവസായി ഏകോപന സമിതി, ഇന്ദ്രവല്ലരി മ്യൂസിക് ക്ലബ്, റെസിഡൻസ് അസോസിയേഷൻ, AKCC ചേർപ്പുങ്കൽ മേഖല, ഓട്ടോ-ടാക്സി കൂട്ടായ്മ എന്നിവയുടെ സഹകരണത്തോടെയാണ് ഈ ബൃഹത്തായ സംഗമം ഒരുക്കുന്നത്.
MLA-മാർക്ക് സ്വീകരണം, താരപ്പൊലിമയോടെ കലാസന്ധ്യ
ചേർപ്പുങ്കലുമായി അടുത്ത ബന്ധം പുലർത്തുന്ന കടുത്തുരുത്തി, പാലാ, പുതുപ്പള്ളി മണ്ഡലങ്ങളിലെ എം.എൽ.എമാരായ ശ്രീ. മോൻസ് ജോസഫ്, ശ്രീ. മാണി സി. കാപ്പൻ, ശ്രീ. ചാണ്ടി ഉമ്മൻ എന്നിവർക്ക് ചടങ്ങിൽ വൻപിച്ച സ്വീകരണം നൽകും.
- വൈകിട്ട് 5 മണി: നാടൻ കലാകാരന്മാർ അണിനിരക്കുന്ന ‘കലാസന്ധ്യ’.
- വൈകിട്ട് 7 മണി: പൊതുസമ്മേളനം. പ്രശസ്ത സിനിമാ താരം കുമാരി മീനാക്ഷിയും മാസ്റ്റർ ആരീഷും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും.
- ആദരിക്കൽ: ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഫെയിം സാം സോണി ഉൾപ്പെടെയുള്ള പ്രതിഭകളെ ചടങ്ങിൽ ആദരിക്കും.
നൂതന പദ്ധതികളുടെ പ്രഖ്യാപനം
നാടിന് മാതൃകയാകുന്ന രണ്ട് പ്രധാന പദ്ധതികൾ ഈ വേദിയിൽ ഉദ്ഘാടനം ചെയ്യപ്പെടും:
- വാട്സാപ്പ് മാട്രിമോണി & ആപ്പ്: കിടങ്ങൂർ, മുത്തോലി, കടപ്ലാമറ്റം, അകലക്കുന്നം, കൊഴുവനാൽ എന്നീ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, മുൻ പ്രതിനിധികൾ, ആശാവർക്കർമാർ, വിവിധ സംഘടന ഭാരവാഹികൾ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പും ആപ്പും നിലവിൽ വരും. വിവാഹം ആലോചിക്കുന്നവർക്ക് പരസ്പരം വിവരങ്ങൾ കൈമാറാൻ ഈ പ്ലാറ്റ്ഫോം സഹായിക്കും. ഓരോ പഞ്ചായത്തിലും ഇതിനായി പ്രത്യേക കോർഡിനേഷൻ കമ്മിറ്റികൾ ഉണ്ടാകും.
- ‘തൊഴിൽ’ ഫേസ്ബുക്ക് പേജ്: ദിവസവേതനക്കാർ മുതൽ സ്ഥിരം ജോലിക്കാരെ വരെ ആവശ്യമുള്ളവർക്കും, തൊഴിൽ അന്വേഷിക്കുന്നവർക്കും പരസ്പരം ബന്ധപ്പെടാൻ സാധിക്കുന്ന രീതിയിലുള്ള പ്രത്യേക ഫേസ്ബുക്ക് പേജിനും നാട്ടരങ്ങിൽ തുടക്കമാകും.
ചടങ്ങിൽ ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് പ്രസിഡന്റുമാർ, സാമൂഹിക-സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ YMCWA പ്രസിഡന്റും വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറിയുമായ ഷൈജു കോയിക്കൽ, ഭാരവാഹികളായ ബോബി അസ്കോടിയ, സവ്റഫ് തെക്കുംമുറി എന്നിവർ പങ്കെടുത്തു.















