2026 ഏപ്രിൽ 12 ഞായർ 1199 മീനം 29
വാർത്തകൾ
👉📰 സ്ഥിരം വെടിനിര്‍ത്തലിനായുള്ള ഇറാന് -അമേരിക്ക ചര്‍ച്ചയ്ക്ക് ഇസ്ലാബാദിലെത്തിയ വിമാനത്തിനുള്ളിലെ ചിത്രം പങ്കുവച്ച് ഇറാന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗേര്‍ ഗാലിബഫ്. വിമാനത്തിന്റെ സീറ്റുകളില്‍ മിനാബിലെ സ്കൂളില്‍ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങളും അവരുടെ കത്തിക്കരിഞ്ഞ സ്കൂള്‍ ബാഗുകളും റോസാപ്പൂക്കളുമാണ്. ‘ഈ വിമാനത്തില്‍ എന്റെ സഹയാത്രികര്‍, മിനാബിലെ 168 കുട്ടികള്‍’ എന്ന അടിക്കുറിപ്പോടെ ആണ് ഗാലിബഫ് എക്സില്‍ ചിത്രം പോസ്റ്റ് ചെയ്ത്.
👉📰 സംസ്ഥാനത്ത് പിണറായി സർക്കാരിന് തുടർ ഭരണ സാധ്യതയെന്ന് സിപിഐ വിലയിരുത്തൽ. നേരിയ മാർജിനിൽ സംസ്ഥാനത്ത് തുടർഭരണം ലഭിക്കും.നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐ 15 സീറ്റുകളിൽ ജയിച്ചേക്കും. ഒല്ലൂരിൽ കെ രാജനും നെടുമങ്ങാട് ജി ആർ അനിലും വൻവിജയം നേടും. സിപിഐയുടെ 4 മന്ത്രിമാരും ജയിക്കുമെന്നും തൃശൂരിൽ തിരിച്ചടിക്ക് സാധ്യതയെന്നും സംസ്ഥാന നിർവാഹക സമിതി വിലയിരുത്തി.
👉📰 കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് പിടിയിൽ. മുംബൈയിൽ നിന്നാണ് ഇയാളെ പൊലീസ് സാഹസികമായി പിടികൂടിയത്. സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് ഒ മോഹൻദാസ്,മെഡിക്കൽ കോളേജ് എസ്ഐ പവനൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടി കൂടിയത്. പിടികൂടുമ്പോൾ ഇയാൾ ബോട്ടിൽ മീൻ പിടിക്കുകയായിരുന്നു.
👉📰 ആറന്മുളയിൽ വീണാ ജോർജ് സേഫ് എന്ന് സിപിഐഎം ബൂത്ത് തല അവലോകനം. ഏഴായിരം വോട്ടിന് വീണ ജയിക്കും എന്ന് സിപിഐഎം വിലയിരുത്തൽ. ത്രികോണ പോരിൽ കുമ്മനം രാജശേഖരൻ കൂടുതൽ യുഡിഎഫ് വോട്ടുകൾ പിടിക്കുമെന്നും സിപിഐഎം വിലയിരുത്തി. കഴിഞ്ഞ തവണ 19,000ലേറെ വോട്ടുകൾ നേടിയാണ് വീണാ ജോർജ് വിജയിച്ചത്.
👉📰 കണ്ണൂർ പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണനെ പിന്തുണച്ച ടി പുരുഷോത്തമന്റെ വീടാക്രമിച്ച് വണ്ടി കത്തിച്ച സംഭവത്തിൽ രണ്ട് സിപിഐഎം പ്രവർത്തകർ അറസ്റ്റിൽ. സുധീഷ്, അജയ് കൃഷ്ണ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പയ്യന്നൂർ ഡിവൈഎഫ്ഐയുടെ വെസ്റ്റ് മേഖല പ്രസിഡന്റാണ് സുധീഷ്. അർധരാത്രി 12.30ഓടെ എത്തിയ സംഘം വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് തീയിടുകയായിരുന്നു. വീടിന്റെ ജനൽ ചില്ലുകളും സംഘം എറിഞ്ഞു തകർത്തു.
👉📰 ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ യുഎഇയിൽ.യുഎഇ ഭരണനേതൃത്വവുമായി എസ് ജയ്ശങ്കർ ചർച്ചകൾ നടത്തും. ഇരു രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം.രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് ജയ്ശങ്കർ യുഎഇയിൽ എത്തിയത്. പടിഞ്ഞാറൻ ഏഷ്യയിലെ മാറുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യയുടെ ഊർജസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദേശകാര്യ മന്ത്രിയുടെ സന്ദർശനം എന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിനിടെ ഇന്ത്യയുടെ ഒരു എൽപിജി കപ്പൽ കൂടി ഹോർമൂസ് കടലിടുക്ക് കടന്നു. ജഗ് വിക്രം എന്ന കപ്പലാണ് ഇന്ത്യയിലേക്ക് തിരിച്ചത്. 20400 മെട്രിക്ക് ടൺ എൽപിജിയുള്ള ഈ കപ്പൽ ബുധനാഴ്ച മുംബൈ തീരത്ത് എത്തും.
👉📰 പ്രമുഖ ഗായിക ആശാ ഭോസ്ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ എമർജൻസി മെഡിക്കൽ സർവീസസ് യൂണിറ്റിൽ ചികിത്സയിലാണ് ഗായിക. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. നെഞ്ചിലെ അണുബാധയും കടുത്ത തളർച്ചയും കാരണമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് കൊച്ചുമകൾ സനായ് ഭോസ്ലെ പ്രതികരിച്ചു.
👉📰 മലപ്പുറത്ത് സ്ട്രോങ്ങ് റൂം തുറക്കാൻ നിർദേശം നൽകിയെന്ന ആരോപണങ്ങളിൽ വിശദീകരണവുമായി മലപ്പുറം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ഐഎഎസ്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത് ത്രിതല സുരക്ഷാ സംവിധാനങ്ങളോടെയാണ് റിസർവ് വോട്ടിംഗ് യന്ത്രങ്ങൾ രാഷ്ട്രീയ പാർട്ടികളെ അറിയിച്ചതിന് ശേഷമാണ് മാറ്റാറുള്ളതെന്നും അതിനായി നിയമാനുസൃതമായ നടപടിയാണ് സ്വീകരിക്കാറുള്ളതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശ പ്രകാരമാണ് നടപടി സ്വീകരിക്കാറ് ഇതിന് വിരുദ്ധമായി പ്രചരിക്കുന്ന കാര്യങ്ങൾ ശരിയല്ലെന്നും ജില്ലാ കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു.സ്ട്രോങ്ങ് റൂം തുറക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയെന്ന് ആരോപിച്ച് യുഡിഎഫ് രംഗത്ത് വന്നിരുന്നു ഈ പശ്ചാത്തലത്തിലാണ് കളക്ടറുടെ പ്രതികരണം.
👉📰 കുംഭമേള വൈറൽ താരത്തിന്റെ വിവാഹം നടത്തിയ സംഭവത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പൊലീസിൽ പരാതി. മന്ത്രി വി ശിവൻകുട്ടി, എ റഹീം എന്നിവർക്കെതിരെയും കേസെടുക്കണമെന്നാണ് ആവശ്യം. പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്ന് അറിഞ്ഞിട്ടും വിവാഹം നടത്തി എന്നാണ് പരാതി. പോക്സോ വകുപ്പുകൾ ഉൾപ്പടെ ചേർത്ത് ഇവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യമുണ്ട്. യൂത്ത് കോൺഗ്രസ് കുന്നംകുളം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വിഘ്നേശ്വര പ്രസാദ് ആണ് കുന്നംകുളം പൊലീസിൽ പരാതി നൽകിയത്.















