കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ വിശുദ്ധ യൗസേഫ് പിതാവിന്റെ മരണതിരുനാളും ഊട്ടുനേര്‍ച്ചയും നാളെ (വ്യാഴാഴ്ച്ച) നടക്കും. ഇടവകയിലെ 27 കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് ഊട്ടുനേര്‍ച്ചയുടെ വിഭവങ്ങള്‍ തയാറാക്കുന്നത്. ഇതിനാവിശ്യമുള്ള വിഭവങ്ങള്‍ ഇടവകയില്‍ നിന്നു തന്നെയാണ് ശേഖരിക്കുന്നത്.
രാവിലെ പത്തിന് വിശുദ്ധ കുര്‍ബാനയോടെ തിരുകര്‍മങ്ങള്‍ ആരംഭിക്കുമെന്ന് വികാരി ഫാ.ജോണ്‍ പാളിത്തോട്ടം അറിയിച്ചു. ഇടവകാംഗവും കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരി പ്രഫസറുമായ ഫാ.തോമസ് പുതുകുളങ്ങര വിശുദ്ധ കുര്‍ബാനയര്‍പിച്ചു സന്ദേശം നല്‍കും.
11.30 ന് പഴയ പള്ളിയിലേക്ക് തിരുസ്വരൂപവുമായി തിരുനാള്‍ പ്രദക്ഷിണം, പഴയപള്ളിയില്‍ പ്രദക്ഷിണം സമാപിച്ചു കഴിയുമ്പോള്‍, ലദീഞ്ഞ് ആരംഭിക്കും. തുടര്‍ന്ന് മുട്ടുചിറ ഫൊറോനാപള്ളി വികാരി ഫാ.അബ്രഹാം കൊല്ലിതാനത്തുമലയില്‍ ഊട്ടുനേര്‍ച്ചയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കും. ഫൊറോനാ വികാരി ഫാ.ജോണ്‍ പാളിത്തോട്ടം, സഹവികാരി ഫാ.അബ്രാഹം പെരിയപ്പുറത്ത് എന്നിവര്‍ തിരുനാള്‍ തിരുകര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും.















