സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള കോട്ടയം നാട്ടകത്തെ സ്ഥലത്ത് കേരള സർക്കാരിന്റെ ധനസഹായത്തോടെ നിർമിച്ച അക്ഷരം ഭാഷസാഹിത്യസാംസ്‌കാരിക മ്യൂസിയത്തിന്റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങൾക്ക് 14-3-2026 ശനിയാഴ്ച തുടക്കം കുറിക്കും.
കിഫ്ബി ധനസഹായത്തോടെയാണ് തുടർഘട്ടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നത്.
16,18,83,783/ രൂപയാണ് കിഫ്ബി അനുവദിച്ചിരിക്കുന്നത്. 13000 സ്‌ക്വയർഫീറ്റ് വിസ്തീർണ്ണത്തിലാണ് അക്ഷരം മ്യൂസിയത്തിന്റെ തുടർഘട്ടങ്ങൾ വിഭാവനംചെയ്തിരിക്കുന്നത്. ലോകത്തിലെയും ഇന്ത്യയിലെയും പ്രധാനപ്പെട്ട ലിപികളുടെ പരിണാമചരിത്രം, മലയാള കവിതാസാഹിത്യചരിത്രം, ഗദ്യസാഹിത്യചരിത്രം, വൈജ്ഞാനികസാഹിത്യം എന്നിവ അടയാളപ്പെടുത്തുന്ന എട്ട് ഗ്യാലറികൾ ഉൾപ്പെടുന്നതാണ് രണ്ടാംഘട്ടം.
ലോകത്തിന്റെ ചരിത്രത്തെ നിർണ്ണയിക്കുന്ന പ്രധാനപ്പെട്ട മുപ്പത്തിയഞ്ചോളം ലിപികളുടെ പരിണാമചരിത്രം ഗവേഷകർക്കും വിദ്യാർത്ഥികൾക്കും മറ്റും പ്രയോജനപ്രദമാകും.
മലയാളകവിതാസാഹിത്യത്തെപ്പറ്റിയുള്ള ഗാലറിയിൽ നാടോടിപ്പാട്ട് പാരമ്പര്യത്തിൽനിന്ന് ആരംഭിച്ച് സംഘകാലസാഹിത്യവും പ്രാചീനമലയാളസാഹിത്യവും പാട്ടുപ്രസ്ഥാനവും മണിപ്രവാളസാഹിത്യവും വെണ്മണിക്കവികളും വിലാപസാഹിത്യവും തുടങ്ങി ആധുനിക, ഉത്തരാധുനിക കവിതയെയും, കൃതികളെയും പൂർണ്ണമായും അടയാളപ്പെടുത്തും.
വാമൊഴി/നാടോടികഥകളിൽനിന്നും ആരംഭിച്ച് ആദ്യകാല ചെറുകഥകളും നോവൽസാഹിത്യവും നാടകസാഹിത്യവും ആത്മകഥകളും ജീവചരിത്രസാഹിത്യവും ഉൾപ്പെടുന്ന മലയാള ഗദ്യസാഹിത്യപാരമ്പര്യത്തെ അടയാളപ്പെടുത്തുന്നതാണ് അടുത്ത ഗ്യാലറി.
വൈജ്ഞാനികസാഹിത്യവും വിവർത്തനവും ഉൾപ്പെടുന്നതാണ് മ്യൂസിയത്തിന്റെ അവസാന രണ്ട് ഗാലറികൾ. അതിൽ മലയാളവ്യാകരണകൃതികളും വ്യക്തികളും
നിഘണ്ടുക്കളും മറ്റ് ഭാഷാശാസ്ത്രഗ്രന്ഥങ്ങളും വിവർത്തനസാഹിത്യചരിത്രവും ഉൾപ്പെടുന്നതാണ്.
മ്യൂസിയത്തിൽ പ്രദർശനഗാലറികളോടൊപ്പംതന്നെ ആക്ടിവിറ്റി കോർണറുകൾ, ഡിജിറ്റൈസേഷൻ ലാബ്, ഓഡിയോവീഡിയോ സ്റ്റുഡിയോ, ചിൽഡ്രൻസ് പാർക്ക്, വിപുലമായ പുരാരേഖപുരാവസ്തു ശേഖരങ്ങൾ, കൺസർവേഷൻ യൂണിറ്റ്, പുസ്തകങ്ങളുടെ പ്രഥമ പതിപ്പുകളുടെ ശേഖരം, ലൈബ്രറി കോംപ്ലക്‌സ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
എപ്പിഗ്രാഫി, മ്യൂസിയോളജി, ആർക്കൈവിംഗ്, കൺസർവേഷൻ, പ്രിന്റിംഗ് ടെക്‌നോളജി എന്നീ ഇനങ്ങളിലായി ഹ്രസ്വകാല പഠനപരിശീലന പരിപാടികളും നടപ്പിലാക്കാൻ ലക്ഷ്യമിടുന്നുണ്ട്. കൂടാതെ ലോക
ഭാഷാലിപികൾ, മലയാളകാവ്യപാരമ്പര്യം, മലയാളഗദ്യസാഹിത്യം, വൈജ്ഞാനികസാഹിത്യം, ലൈബ്രറി, സംവേദാത്മകമായ ക്ലാസ്സ് മുറികൾ എന്നിവയും വരുംഘട്ടത്തിൽ ഉൾപ്പെടുന്നു. അക്ഷരം മ്യൂസിയത്തിന്റെ വരുംഘട്ടങ്ങളുടെ പൂർത്തീകരണത്തോടെ മലയാളഭാഷയെയും സാഹിത്യത്തെയും സമഗ്രമായ അടയാളപ്പെടുന്ന ഇടമായി അക്ഷരം മ്യൂസിയം മാറിത്തീരും.
ഇതിനോടൊപ്പംതന്നെ 10000 സ്‌ക്വയർഫീറ്റ് വരുന്ന പഴയ ഇന്ത്യാ പ്രസ്സ് കെട്ടിടം പുനരുദ്ധരിച്ച് ഓഡിറ്റേറിയവും ബിസ്സിനസ്സ് സെന്ററുമാക്കി മാറ്റും.
ആദ്യഘട്ടം പൂർത്തിയാക്കി പൊതുജനത്തിനായി സമർപ്പിച്ച് ഒരു വർഷം പിന്നിടുമ്പോൾ വിദ്യാർത്ഥികളുംഗവേഷകരും വിദേശികളും ബഹുജനങ്ങളുമുൾപ്പെടെ 7883 പേർ മ്യൂസിയം സന്ദർശിച്ചു.
മ്യൂസിയത്തിന്റെ ഭാഗമായുള്ള ലെറ്റർ ടൂറിസം സർക്യൂട്ടിൽ സ്‌കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കോട്ടയത്തിന്റെ ചരിത്രപൈതൃക കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി സാംസ്‌കാരികയാത്ര നടന്നുവരുന്നു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പാഠ്യപദ്ധതിയുടെ ഭാഗമായുള്ള യാത്രയിൽ സന്ദർശിക്കേണ്ട ഇടമായി അക്ഷരം മ്യൂസിയത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിനകത്തെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികളും ഗവേഷകരും ഇന്റേൺഷിപ്പ് ചെയ്യുന്നതിനായി അക്ഷരം മ്യൂസിയം സന്ദർശിക്കുകയും അവ തികഞ്ഞ അക്കാദമികനിലവാരത്തോടെ പൂർത്തീകരിക്കുകയും ചെയ്തു.
മഹാത്മാഗാന്ധി സർവ്വകലാശാലയുമായി ചേർന്ന് ഇന്റേൺഷിപ്പ് കോഴ്‌സുകൾ ആരംഭിക്കുന്നതിനുള്ള കരാറിൽ അക്ഷരം മ്യൂസിയം ഒപ്പുവെച്ചിട്ടുണ്ട്. വിദേശികൾ അടക്കമുള്ളവർക്ക് മലയാളഭാഷാപഠനത്തിനായി പ്രത്യേക കോഴ്‌സ് അക്ഷരം മ്യൂസിയം വിഭാവനംചെയ്തിട്ടുണ്ട്. ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ എന്നീ ഭാഷകളുടെ പഠനത്തിനായി അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ചിരിക്കുന്ന പാഠ്യപദ്ധതിയുടെ രീതിയിൽത്തന്നെയാണ് ഈ കോഴ്‌സും വിഭാവനംചെയ്തിരിക്കുന്നത്. രണ്ട് മാസത്തിനുള്ളിൽ കോഴ്‌സുകൾ ആരംഭിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഇതിനുപുറമേ എപ്പിഗ്രാഫി, മ്യൂസിയോളജി, ആർക്കൈവിംഗ്, കൺസർവേഷൻ, പ്രിന്റിംഗ് ടെക്‌നോളജി എന്നീ ഇനങ്ങളിലായി ഹ്രസ്വകാല പഠനപരിശീലനപരിപാടികളും നടപ്പിലാക്കാൻ ലക്ഷ്യമിടുന്നുണ്ട്.
14-3-2026 ശനിയാഴ്ച രാവിലെ 11 ന് അക്ഷരംമ്യൂസിയം വളപ്പിൽ നടക്കുന്ന സമ്മേളനത്തിൽവെച്ച് പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം സഹകരണംതുറമുഖംദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കും. എസ്. പി. സി. എസ.് പ്രസിഡന്റ് അഡ്വ. പി. കെ ഹരികുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ., ശ്രീമതി മിനി ആന്റണി ഐ. എ. എസ്, ഡോ.വീണ എൻ. മാധവൻ ഐ. എ. എസ്. സഹകരണവകുപ്പ് സെക്രട്ടറി, ഡോ. സജിത്ത് ബാബു ഐ. എ. എസ്. സഹകരണസംഘം രജിസ്ട്രാർ തുടങ്ങിയവർ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ പങ്കെടുത്തവർ
ശ്രീ. വി.എൻ. വാസവൻ (സഹകരണംതുറമുഖംദേവസ്വം വകുപ്പുമന്ത്രി)
അഡ്വ. പി. കെ. ഹരികുമാർ (പ്രസിഡന്റ്, സാഹിത്യപ്രവർത്തക സഹകരണസംഘം)
ശ്രീ. കെ. പി. ഉണ്ണികൃഷ്ണൻനായർ (ജോയിന്റ് രജിസ്ട്രാർഇൻചാർജ്ജ്)
ശ്രീ. രാജീവ് ജോൺ (സ്‌പെഷ്യൽ ഓഫീസർ, സാഹിത്രപ്രവർത്തക സഹകരണസംഘം)













