വടക്കാഞ്ചേരി ബസ്സപകടത്തിന്റെ പശ്ചാത്തലത്തിൽ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയ ഏകീകൃത വെള്ള നിറം (കളർ കോഡ്) പരിഷ്കരിക്കാനുള്ള സർക്കാർ നീക്കം സ്വാഗതാർഹമാണെന്ന് കോൺട്രാക്ട് ക്യാരിയേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയോഗം അഭിപ്രായപ്പെട്ടു.
ശാസ്ത്രീയ പഠനങ്ങളില്ലാതെ തിടുക്കപ്പെട്ട് അടിച്ചേൽപ്പിച്ച നിയമം കാരണം സാധാരണക്കാരായ ബസ് ഉടമകൾക്ക് ഭീമമായ സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്നും സംഘടന ചൂണ്ടിക്കാട്ടി.ഭരണകാലാവധി അവസാനിക്കുന്ന ഈ വേളയിലെങ്കിലും തങ്ങളുടെ വാദം ശരിയായിരുന്നു എന്ന് ഗവൺമെന്റ് അംഗീകരിക്കുന്നതിനെ സംഘടന സ്വാഗതം ചെയ്യുന്നു.
വെള്ള നിറം മാത്രം നിർബന്ധമാക്കിയത് കേരളത്തിലെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുകയും ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനത്തിന് ഭീഷണിയാവുകയും ചെയ്തിരുന്നു.













