അരുവിത്തുറ: സിറോ മലബാർ സമുദായ അംഗങ്ങൾക്കിടയിൽ പരസ്പര സഹകരണവും ഐക്യവും ഉറപ്പാക്കുന്നതിനായി സംഘടിപ്പിച്ച ‘സമുദായ സൗഹൃദ ശാക്തീകരണ സംഗമം’ അരുവിത്തുറയിൽ സമാപിച്ചു. പാലാ രൂപതയുടെ കീഴിലുള്ള അരുവിത്തുറ, പൂഞ്ഞാർ, തീക്കോയി, കൂട്ടിക്കൽ ഫൊറോനകളിലെ സമുദായ അംഗങ്ങളാണ് ഈ സംഗമത്തിൽ പങ്കുചേർന്നത്. പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. സമുദായ ശാക്തീകരണ പ്രോട്ടോക്കോൾ കോർഡിനേറ്റർ പാലാ രൂപത മുഖ്യ വികാരി ജനറൽ മോൺ. ജോസഫ് തടത്തിൽ ആമുഖ പ്രഭാഷണം നടത്തി. അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളി വികാരി വെരി. റവ. ഫാ. മാത്യു ചന്ദ്രൻകുന്നേൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഉച്ചകഴിഞ്ഞ് 3:00-ന് വിശുദ്ധ കുർബാനയോടെ ആരംഭിച്ച പരിപാടിയിൽ സമുദായത്തിന്റെ പുരോഗതിക്കായി വിവിധ പ്രഭാഷണങ്ങളും നടന്നു. പിതൃവേദിപ്രസിഡന്റ് ശ്രീ. ജോസ് തോമസ് എത്തനാട്ട്, ഡോ. സിമിമോൾ സെബാസ്റ്റ്യൻ എന്നിവർ സമുദായ ശാക്തീകരണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിച്ചു.
സംഗമത്തിൽ വെച്ച് സമുദായ ശാക്തീകരണത്തിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു. എസ്.എം.വൈ.എം അരുവിത്തുറ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സമുദായ ശാക്തീകരണത്തിനായുള്ള പ്രത്യേക നിർദ്ദേശങ്ങളും പ്രതിജ്ഞയും അവതരിപ്പിച്ചു. 5:30-ഓടെ സമാപിച്ച സംഗമത്തിൽ അഞ്ചു ഫൊറോനകളിൽ നിന്നുള്ള നിരവധി പ്രതിനിധികൾ പങ്കെടുത്തു.സംഗമത്തിൽ 5000 ൽപരം ആളുകൾ സംബന്ധിച്ചു.













