2025 ഫെബ്രുവരി 27 വെള്ളി 1199 കുംഭം 16
വാർത്തകൾ
🗞️👉 തന്റെ കുട്ടിക്കാല ഓർമ്മകൾ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന അഭിമുഖത്തിലാണ് മുഖ്യമന്ത്രി തന്റെ ഓർമ്മകൾ പങ്കുവച്ചത്. പാട്ട് പാടി ആയിരുന്നു മുഖ്യമന്ത്രിക്ക് മോഹൻലാലിൻറെ ആദരവ്. സ്വപ്നത്തിൽപ്പോലും ഇല്ലാത്ത അഭിമുഖമെന്ന് മോഹൻലാൽ പറഞ്ഞു. കുട്ടിക്കാലവും സ്‌കൂൾ ജീവിതവും മുഖ്യമന്ത്രി ഓർത്തെടുത്തു.
🗞️👉 കെഎസ്‌യു പ്രതിഷേധത്തിനിടെ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ വിമര്‍ശനം തുടര്‍ന്ന് കെഎസ്‌യു. പരുക്കുകളില്ലാത്ത മന്ത്രി ഐസിയു സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്നാണ് വിമര്‍ശനം. മന്ത്രിയും നഴ്‌സുമാരും ചേര്‍ന്നെടുത്ത ചിത്രം പങ്കുവച്ച് രൂക്ഷ വിമര്‍ശനമാണ് കെഎസ്‌യു ഉന്നയിച്ചിരിക്കുന്നത്. മന്ത്രിക്കൊപ്പം നഴ്‌സുമാര്‍ ഫോട്ടോഷൂട്ട് നടത്തുന്നു. ആശുപത്രികളില്‍ പാലിക്കേണ്ട മര്യാദകള്‍ ലംഘിക്കപ്പെട്ടുവെന്നും കെഎസ്‌യു വിമര്‍ശിച്ചു.
🗞️👉 സൗദി അറേബ്യയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു. റിയാദിന് സമീപം ഹൂത ബനീ തമീമില്‍ നിന്ന് ഉംറയ്ക്ക് തിരിച്ച സംഘമാണ് അപകടത്തില്‍പ്പെട്ടത്. പത്തനാപുരം സ്വദേശിനി ഷീബ, സംഘത്തിന്റെ അമീറും നിലമ്പൂര്‍ സ്വദേശിയുമായ ഇസ്മയില്‍ എന്നിവരാണ് മരിച്ച മലയാളികള്‍.
🗞️👉 മുന്‍ ഡിജിപിയും തിരുവനന്തപുരം നഗരസഭ കൗണ്‍സിലറുമായ ആര്‍ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. യൂട്യൂബ് ചാനലില്‍ ഇരകളുടെ പേര് വെളിപ്പെടുത്തിയ കേസിലാണ് കോടതിയുടെ നിര്‍ണായക നിര്‍ദേശം.
🗞️👉 അധിക്ഷേപ മുദ്രാവാക്യത്തില്‍ സിപിഐഎം നേതാവ് ചിന്താ ജെറോമിനെതിരെ കേസ്. കോണ്‍ഗ്രസ് കൊല്ലം ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ പരാതിയില്‍ ഇരവിപുരം പോലീസ് ആണ് കേസെടുത്തത്. സമൂഹസ്പര്‍ദ്ധ ഉണ്ടാക്കി കലഹം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ ജാഥ സംഘടിപ്പിച്ചെന്നാണ് പരാതി. ചിന്തയുള്‍പ്പെടെ കണ്ടാലറിയാവുന്ന 50 ഓളം പേര്‍ക്കെതിരെയാണ് കേസ്.
🗞️👉 അമേരിക്കയുമായുള്ള ആണവകരാര്‍ ഉടന്‍ സാധ്യമാകുമെന്ന് ഇറാന്‍. പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ മുഖ്യ ഉപദേഷ്ടാവ് അലി ഷംഖാനിയാണ് കരാര്‍ ഉടന്‍ സാധ്യമാകുമെന്ന് അറിയിച്ചത്. യുദ്ധഭീതി വര്‍ധിച്ച സാഹചര്യത്തിലാണ് ഇറാന്‍ നിലപാട് മയപ്പെടുത്തിയത്. ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ നിന്ന് തടയുകയാണ് ചര്‍ച്ചയുടെ ലക്ഷ്യമെങ്കില്‍ ഉടന്‍ കരാറിലെത്താന്‍ ഇറാന് സാധിക്കുമെന്നും അലി ഷംഖാനി പറഞ്ഞു.
🗞️👉 ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ ചികിത്സാപ്പിഴവിനെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. കേരളത്തിലെ ആരോഗ്യമേഖല ലോകോത്തര നിലവാരത്തിലുള്ളതാണെന്ന് എം സ്വരാജ് പറഞ്ഞു. എവിടെയോ ഒരാളുടെ വയറ്റില്‍ കത്രികയോ മറ്റോ കുടുങ്ങിയെന്ന് പറയുന്നു. എപ്പോഴാണ് കുടുങ്ങിയതെന്ന് വ്യക്തതയില്ല. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇത്തരം വാര്‍ത്തകള്‍ വരാറുണ്ട്. സംഭവം പരിശോധിച്ച് നടപടിയെടുക്കുമെന്നും എം സ്വരാജ് പറഞ്ഞു.
🗞️👉 കേരളത്തിന്റെ മധ്യകാല ചരിത്രത്തിലേക്കും സാംസ്‌കാരിക പൈതൃകത്തിലേക്കും വെളിച്ചം വീശുന്ന ഒരു കോടിയിൽപ്പരം താളിയോല രേഖകളുടെ സംരക്ഷണത്തിനായി ഒരുക്കിയ ഇന്റർനാഷണൽ ആർക്കൈവ്‌സ് ആന്റ് ഹെറിറ്റേജ് സെന്റർ യാഥാർത്ഥ്യമായി. കേരള സർവ്വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ പണിതീർത്ത അത്യാധുനിക മന്ദിരത്തിന്റെ ഉദ്ഘാടനം പുരാവസ്തു പുരാരേഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിച്ചു.
🗞️👉 കുടിവെള്ള വിതരണത്തിനായി ബയോ-ഡീഗ്രേഡബിൾ ബോട്ടിൽ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച് കേരളം അഭിമാനകരമായ നേട്ടം സ്വന്തമാക്കിയതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കുടിവെള്ള കമ്പനിയായ ഹിലി അക്വ അവതരിപ്പിക്കുന്ന പരിസ്ഥിതി സൗഹൃദ ബയോ-ഡീഗ്രേഡബിൾ ബോട്ടിലിന്റെ വിതരണോദ്ഘാടനം തിരുവനന്തപുരം സർക്കാർ ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ മന്ത്രി നിർവഹിച്ചു.
🗞️👉 ഗുണമേന്മയും സുസ്ഥിരതയുമാർന്ന ഊർജോൽപ്പാദനമാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. സംസ്ഥാന ഊർജ സംരക്ഷണ അവാർഡ് 2025 വിതരണച്ചടങ്ങ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.












