വൈക്കം: ഇടതുപക്ഷ വിജയമുറപ്പിച്ച പ്രചാരണത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് വിപ്ലവ ഭൂമിയില്‍ ആവേശകരമായ സമാപനം. തെരഞ്ഞെടുപ്പ് ആവേശം വാനോളം ഉയര്‍ത്തിയായിരുന്നു വൈക്കത്തെ കൊട്ടിക്കലാശം. വൈക്കം ടൗണിലും മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിലുമായി ആയിരക്കണക്കിനാളുകളാണ് കൊട്ടിക്കലാശത്തില്‍ അണിനിരന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ ഓരോ കേന്ദ്രങ്ങളിലും വാഹനറാലിയോടെയാണ് കൊട്ടിക്കലാശത്തിനായി പ്രധാന കേന്ദ്രത്തിലേക്ക് എത്തിയത്. വൈക്കം ടൗണ്‍ കേന്ദ്രീകരിച്ചു നടന്ന പ്രധാന കൊട്ടികലാശത്തിന് പുറമെ വെച്ചൂര്‍, തലയാഴം, ടി.വി പുരം, ഉദയനാപുരം, തലയോലപ്പറമ്പ്, മറവന്‍തുരുത്ത്, ചെമ്പ്, വെള്ളൂര്‍, കല്ലറ തുടങ്ങിയ പഞ്ചായത്ത് കേന്ദ്രങ്ങളിലും കലാശക്കൊട്ട് നടന്നു. പല കേന്ദ്രങ്ങളിലും യുഡിഎഫ്-എന്‍ഡിഎ പ്രവര്‍ത്തകരുടെ സാന്നിധ്യം കുറഞ്ഞപ്പോള്‍ എല്ലായിടത്തും ഇടതുമുന്നണി പ്രവര്‍ത്തകരുടെ വലിയ സാന്നിധ്യം ശ്രദ്ധേയമായി.
സമാപന സമയമായ വൈകിട്ട് ആറിന് മണിക്കൂറുകള്‍ക്ക് മുമ്പുതന്നെ വൈക്കം ടൗണിലേയ്ക്ക് നിരവധി പ്രചാരണ വാഹനങ്ങള്‍ എത്തിയതോടെ നഗരം എല്‍ഡിഎഫ് കീഴടക്കി. സ്ഥാനാര്‍ഥി പി പ്രദീപിന്റെ കട്ടൗട്ടുകളും ചിത്രങ്ങളും ചെങ്കൊടികളും കൈയിലേന്തിയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അണിനിരന്നത്. വിവിധ വാദ്യമേളങ്ങളും കാവടികളും വെടിക്കെട്ടും അകമ്പടിയായ കലാശക്കൊട്ടിലേക്ക് സ്ഥാനാര്‍ഥി കൂടിയെത്തിയതോടെ ആവേശം അലകടലായി. വൈക്കത്തിന്റെ ചുവന്ന മണ്ണില്‍ വര്‍ഗീയവാദികള്‍ക്കും അഴിമതിക്കാര്‍ക്കും ഇടമില്ലെന്ന മുന്നറിയിപ്പ് നല്‍കുന്നതായിരുന്നു എല്‍ഡിഎഫിന്റെ മുന്നേറ്റം. നാടിനെയും നഗരത്തെയും ഉണര്‍ത്തിക്കൊണ്ടായിരുന്നു റാലികളും കൊട്ടിക്കലാശവും. പരസ്യപ്രചാരണത്തിന്റെ അവസാനദിവസമായ ചൊവ്വാഴ്ച, മുന്‍പ് എത്തിപ്പെടാന്‍ കഴിയാതിരുന്ന ഒറ്റപ്പട്ട തുരുത്തുകളിലും കോളനികളിലും സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ച് പി പ്രദീപ് നാലാംഘട്ട പര്യടനം പൂര്‍ത്തീകരിച്ചു.















