ടെഹ്‌റാൻ: ഇറാനെതിരെ അമേരിക്ക പ്രഖ്യാപിച്ച പുതിയ സാമ്പത്തിക ഉപരോധങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ പരസ്യമായ ലംഘനമാണെന്നും, ലോകത്തെ പഴഞ്ചൻ കൊളോണിയലിസത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന നടപടിയാണെന്നും രൂക്ഷമായി വിമർശിച്ച് ഇറാൻ. ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഈയാണ് എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ അമേരിക്കയുടെ നീക്കത്തിനെതിരെ രംഗത്തെത്തിയത്.
അമേരിക്കയുടെ ഈ പുതിയ സാമ്പത്തിക ഉപരോധങ്ങൾ ഒരു രാജ്യത്തിനെതിരായ നിയമവിരുദ്ധമായ സാമ്പത്തിക യുദ്ധം മാത്രമല്ലെന്നും, ഐക്യരാഷ്ട്രസഭയിലെ മറ്റ് സ്വതന്ത്ര അംഗരാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഇറാൻ ആരോപിച്ചു. പരമാധികാരമുള്ള ഒരു മൂന്നാം രാജ്യവുമായി നിയമപരമായ വ്യാപാരബന്ധം പുലർത്തുന്നതിൽ നിന്ന് മറ്റു വിദേശ ബാങ്കുകളെയോ സ്ഥാപനങ്ങളെയോ തടയാൻ അമേരിക്കയ്ക്ക് അവകാശമില്ല.
ഇത്തരം ഉപരോധങ്ങൾ യു.എൻ ചാർട്ടറിന്റെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നവ കോളനിവാഴ്ച ഉറപ്പാക്കാനുള്ള അമേരിക്കൻ ട്രംപ് ഭരണകൂടത്തിന്റെ ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര വ്യവസ്ഥിതിയെ തന്നെ തകർക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
















