2026 ഏപ്രിൽ 10 വെള്ളി 1199 മീനം 27
വാർത്തകൾ
👉📰 നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് റെക്കോർഡ് പോളിങ്. അവസാന കണക്ക്
പുറത്തുവരുമ്പോൾ 78.27 ശതമാനം പേരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തിയത്. വാശിയേറിയ മത്സരങ്ങൾ നടന്ന കോഴിക്കോട്, പാലക്കാട് ജില്ലകളിൽ പോളിങ് 80 ശതമാനം കടന്നു. അന്തിമ കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വൈകാതെ പുറത്തുവിടും.
👉📰 നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ് രേഖപ്പെടുത്തി പുതുച്ചേരി. 89.87 ശതമാനമാണ് പോളിങ് . 2006 ൽ രേഖപ്പെടുത്തിയ 85.67 ശതമാനം വോട്ടുകളുടെ റെക്കോർഡാണ് പഴങ്കഥയായത്. 30 മണ്ഡലങ്ങളിലേയ്ക്കായി 294 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.
👉📰 കോഴിക്കോട് വാണിമേലിൽ യുഡിഎഫ് ബൂത്ത് ഏജന്റിന് മർദനം. യുഡിഎഫ് ബൂത്ത് ഏജന്റ് കിഴക്കയിൽ ജിജിന സുരേഷിനാണ് മർദനമേറ്റത്. കള്ളവോട്ട് നീക്കം തടയാൻ ശ്രമിച്ചതാണ് അക്രമത്തിന് കാരണം. ബൂത്തിലെ എല്ലാ നടപടി ക്രമങ്ങളും കഴിഞ്ഞ് പുറത്തിറങ്ങാൻ നിൽക്കുന്ന സമയത്താണ് ഒരു സ്ത്രീ എത്തുന്നത്.അത്രയും സമയം അവർ പുറത്ത് തന്നെ ഇരിക്കുകയായിരുന്നു. അവരുടെ കൈവശം ഉണ്ടായിരുന്ന വടി ഉപയോഗിച്ച് തലയ്ക്ക് അടിച്ചു. പിന്നീട് കൂട്ടമായി വന്ന് ആളുകൾ മർദിച്ചു, ഏതോ ഒരു വീട്ടിൽ ഓടി കയറുന്നത് വരെ എന്നെ അടിച്ചു ജിജിന പ്രതികരിച്ചു. വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. നെടുംപറമ്പ് എൽ പി സ്കൂളിലായിരുന്നു സംഭവം നടന്നത്. പരുക്കേറ്റ ജിജിനയെ നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിജിനയെ മർദിച്ചവർക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. പൊലീസ് ഇവർക്കായി അന്വേഷണം ആരംഭിച്ചു.തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി ജിജിന മത്സരിച്ചിരുന്നു.
👉📰 വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ ആലപ്പുഴ ജില്ലയിൽ നെഞ്ചിടിപ്പിലാണ് മുന്നണികൾ. ഒമ്പതിൽ എട്ട് സീറ്റുകളിലും 2021ൽ ജയിച്ച ഇടതുമുന്നണിക്ക് ഇക്കുറി നേരിയ ആത്മവിശ്വാസ കുറവുണ്ട്. ഏറ്റവും കുറഞ്ഞത് നാല് സീറ്റുകളിലെങ്കിലും വിജയം ഉറപ്പെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. പ്രവചനാതീതമായി തുടരുകയാണ് അമ്പലപ്പുഴയും കായംകുളവും.
👉📰 കൊച്ചി ലിസി ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ വിജയകരം. മലപ്പുറം സ്വദേശിയായ 14 കാരിയില്‍ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു തുടങ്ങി. 9 മണിയോടെയാണ് ശസ്ത്രക്രിയ പൂര്‍ത്തിയായത്. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ ആയിരുന്നു ശസ്ത്രക്രിയ. അടുത്ത 48 മണിക്കൂര്‍ പ്രധാനപ്പെട്ടതാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
👉📰 കണ്ണൂർ തളിപ്പറമ്പ് മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി അരിമ്പ്ര സ്വദേശിയും ബ്രാഞ്ച് കമ്മിറ്റി അംഗവുമായ പി.പി.പ്രകാശനാണ് കുത്തേറ്റത്. കോൺഗ്രസ് പ്രാദേശിക നേതാവാണ് അക്രമത്തിന് പിന്നിൽ എന്നാണ് സിപിഐഎമ്മിന്റെ ആരോപണം. കൃഷ്ണൻ എന്ന ആളാണ് പ്രകാശനെ കുത്തിയതെന്നാണ് ആരോപണം. പരുക്കേറ്റ പ്രകാശനെ കണ്ണൂരിലെ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ വയറ്റിലാണ് കുത്തേറ്റിട്ടുള്ളത്. സാരമായ പരുക്കേറ്റിട്ടുണ്ട്. ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ളവർ ആശുപത്രിയിൽ എത്തി.
👉📰 നാല്പത് ദിവസത്തിന് ശേഷം ആക്രമണ ശബ്ദങ്ങളില്ലാത്തതിന്റെ ആശ്വാസത്തിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. ഇന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്റെ ആക്രമണമുണ്ടായില്ല. മേഖലയിലെ സുരക്ഷവര്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ശേഷം യുഎഇയില്‍ അലര്‍ട്ട് നല്‍കിയിട്ടില്ല. ഇന്ന് യാതൊരു ആക്രമണമുണ്ടായിട്ടില്ലെന്ന് യുഎഇ പ്രതിരേധമന്ത്രാലയം വ്യക്തമാക്കി.
👉📰 ഹോർമുസ് കടലിടുക്ക് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടക്കാൻ അനുവദിക്കില്ലെന്ന് ഇറാൻ.
അമേരിക്കയുമായി ഉണ്ടാക്കിയ വെടിനിർത്തൽ കരാർ പ്രകാരമാണ് ഇറാന്റെ പുതിയ നിർദേശം. 24 മണിക്കൂറിനുള്ളിൽ ഒരു എണ്ണ ടാങ്കറും അഞ്ച് വ്യത്യസ്ത ഡ്രൈ ബൾക്ക് കാരിയറുകളും ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാനിയൻ പതാകയുള്ള രണ്ട് ടാങ്കറുകളും ഹോർമുസ് വഴി സഞ്ചരിച്ചു.
👉📰 വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ വോട്ടെടുപ്പ് സമാധാനപരമായി പൂര്‍ത്തിയായിരിക്കുകയാണ്. തങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിച്ച് ഈ ജനാധിപത്യ പ്രക്രിയയില്‍ പങ്കുചേര്‍ന്ന മുഴുവന്‍ വോട്ടര്‍മാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യങ്ങളും അറിയിക്കുന്നു – മുഖ്യമന്ത്രി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
👉📰 ഇടതു കൈയിലെ ചൂണ്ടുവിരലില്‍ മുറിവ് പറ്റിയ യുവതിക്ക് വോട്ട് നിഷേധിച്ചതായി പരാതി. തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി ബോതാനന്ദ സ്കൂളിലാണ് സംഭവം. പ്രതിഷേധവുമായി എല്‍ഡിഎഫ് രംഗത്തെത്തിയതോടെ, യുവതിയെ വോട്ട് ചെയ്യാന്‍ അനുവദിച്ചു. ഒരു മണിയോടെയാണ് കുറുക്കഞ്ചേരി സ്വദേശിയായ അക്ഷയ വോട്ട് ചെയ്യാനെത്തിയത്. കൈ വിരലില്‍ സ്റ്റിച്ചിട്ട നിലയിലായിരുന്നു. വോട്ട് രേഖപ്പെടുത്തുന്നതിന് മുന്നോടിയായി മഷി പുരട്ടേണ്ടത് ഈ ചൂണ്ടുവിരലിലാണ്. എന്നാല്‍ വിരല്‍ കെട്ടിവെച്ചിരിക്കുന്നതിനാല്‍ മഷി പുരട്ടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിസൈഡിങ് ഓഫീസര്‍ വോട്ട് നിഷേധിക്കുകയായിരുന്നു. മുറിവ് അഴിച്ചു കാണിക്കണമെന്നായിരുന്നു ആവശ്യം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റടക്കം ഹാജരാക്കിയിട്ടും വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചില്ല. പ്രിസൈഡിങ് ഓഫീസറെ സസ്പെന്‍ഡ് ചെയ്യണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു.















