പാലാ സെൻറ് തോമസ് ഓട്ടോണമസ് കോളേജിലെ ചരിത്രവിഭാഗത്തിന്റെയും മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ഡയറക്ടറേറ്റ് ഓഫ് സ്റ്റുഡന്റ്സ് വെൽഫെയറിന്റെയും ആഭിമുഖ്യത്തിൽ ‘നറേറ്റിംഗ് നേച്ചർ’ എന്ന വിഷയത്തിൽ ജൂലൈ 13, 14 തീയതികളിൽ അന്താരാഷ്ട്ര ചരിത്ര സെമിനാർ സംഘടിപ്പിച്ചു. സെൻറ് തോമസ് കോളേജിലെ ലൈബ്രറി ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. റ്റോജി തോമസ് അധ്യക്ഷത വഹിച്ചു. കോട്ടയം ഡിവിഷണൽ
ഫോറസ്റ്റ് ഓഫീസർ പ്രഫുൽ അഗർവാൾ ഐ.എഫ്.എസ്. സെമിനാർ ഉദ്ഘാടനം ചെയ്തു. മനുഷ്യ-വന്യജീവി സംഘർഷം ഉൾപ്പെടെ ജനജീവിതത്തെ ബാധിക്കുന്ന സമകാലീന വിഷയങ്ങളിൽ കേവലം മനുഷ്യ കേന്ദ്രീകൃതമായ കാഴ്ചപ്പാട് കൊണ്ട് മാത്രം പ്രശ്നപരിഹാരം സാധ്യമല്ലെന്നും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടുള്ള സമഗ്രമായ ചരിത്ര ആഖ്യാനങ്ങളുടെ ഉത്പാദനം ആവശ്യമാണെന്നും അദ്ദേഹം നിരീക്ഷിച്ചു. മനുഷ്യയുഗകാലത്ത് ചരിത്രരചനയിൽ പുതിയ വിചാര മാതൃകകൾ ആവശ്യമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സസ്യശാസ്ത്രവിദഗ്ധൻ കൂടിയായ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. റ്റോജി തോമസ് നിരീക്ഷിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ
റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പില്‍, ചരിത്ര വിഭാഗം മേധാവി മനേഷ് വർഗീസ് ജോൺ, സെമിനാർ സംഘാടകരായ ഡോ. ജസ്റ്റിൻ ജോസ്, നന്ദനകൃഷ്ണൻ ജി. എസ്. എന്നിവർ സംസാരിച്ചു. സെമിനാറിന്റെ ഭാഗമായി സംഘടിപ്പിച്ച അക്കാദമിക് സെഷനുകളിൽ ചരിത്രകാരന്മാരായ ഡോ. സെബാസ്റ്റ്യൻ ജോസഫ്, ഡോ. ജസ്റ്റിൻ മാത്യു, ഡോ. വിജയ രാംദാസ് മണ്ഡല, പാരിസ്ഥിതികശാസ്ത്ര വിദഗ്ധനായ ഡോ. സാബു ജോസഫ്, സാഹിത്യകാരിയും അധ്യാപികയുമായ ഡോ. മരിയ ജോർജ് എന്നിവരുടെ പ്രഭാഷണങ്ങളും ഉണ്ടായിരുന്നു. ഇന്ത്യയിലെ വിവിധ സർവകലാശാലകളിലെ അധ്യാപകരും ഗവേഷകരും പാരിസ്ഥിതിക ചരിത്രരചനയിലെ പുതിയ സാധ്യതകളെ അനാവരണം ചെയ്യുന്ന ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കൂടാതെ, യു.എസ്.എ., തായ്‌വാൻ, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിലെ ഗവേഷകരും പ്രബന്ധാവതരണം നടത്തി. സുസ്ഥിരവികസനം, ബഹുജീവി വർഗ്ഗചരിത്രം, പാരിസ്ഥിതിക മുന്നേറ്റങ്ങളുടെ നാൾവഴികൾ, മൂന്നാം ലോകരാജ്യങ്ങളുടെ പാരിസ്ഥിതിക ജീവിതാനുഭവങ്ങൾ എന്നീ വിഷയങ്ങളില്‍ ചർച്ചകൾ നടന്നു. പതിനാലാം തീയതി ഉച്ചതിരിഞ്ഞ് നടന്ന സമാപന സമ്മേളനത്തിൽ ചരിത്രവിഭാഗം മേധാവി മനേഷ് വർഗീസ് ജോൺ അധ്യക്ഷത വഹിക്കുകയും കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. റ്റോജി തോമസ് ഉദ്ഘാടനകർമ്മം നിർവഹിക്കുകയും ചെയ്തു. കാലാവസ്ഥാവ്യതിയാനം, വിഭവലഭ്യതയിലെ ന്യൂനീകരണം, വനം വന്യജീവി സംഘർഷം തുടങ്ങിയ ജീവൽപ്രശ്നങ്ങളെക്കുറിച്ചുള്ള ആഴമുള്ള ചർച്ചകൾക്ക് വേദിയൊരുക്കുവാനും പല പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണങ്ങളെ പൊതു-വിദ്യാർഥി സമൂഹങ്ങളിൽ അവതരിപ്പിക്കുവാനും സെമിനാറിലൂടെ സാധിച്ചുവെന്ന് സംഘാടകർ അറിയിച്ചു.















