കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ രാഷ്ട്രീയ നേതാക്കളെ പ്രതി ചേര്‍ക്കണമെന്ന സ്വകാര്യ ഹര്‍ജി സ്റ്റേ ചെയ്തു. തിരുവനന്തപുരം പോക്‌സോ കോടതിയുടേതാണ് നടപടി. മധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെയാണ് നടപടി സ്റ്റേ ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുന്ന സാഹചര്യത്തിലാണ് നടപടി സ്റ്റേ
ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ വിവാദ വിഹാഹത്തിന് സഹായമൊരുക്കി സിപിഐഎം നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സ്വകാര്യ ഹര്‍ജി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാന്‍ നേതൃത്വം നല്‍കിയ നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. സംഭവത്തില്‍ മധ്യപ്രദേശ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
അതിനാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ തുടര്‍നടപടികളെടുക്കരുതെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. പെണ്‍കുട്ടിക്ക് വിവാഹ സമയത്ത് പ്രായപൂര്‍ത്തിയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ജനനസര്‍ട്ടിഫിക്കറ്റ് എന്നിവ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.
















