എറണാകുളം മലയിടംതുരുത്ത് ഭൂതര്‍ക്ക വിഷയത്തില്‍ ഇന്ന് കരാര്‍ ഒപ്പിടും. സര്‍ക്കാരും മലയിടംതുരുത്ത് നിവാസികളും ഭൂ ഉടമയും തമ്മിലാണ് കരാര്‍ ഒപ്പിടുന്നത്. ഏഴു കുടുംബങ്ങള്‍ക്കുള്ള ഭൂമിയും, വീടിന്റെ നിര്‍മ്മാണവും അടക്കമുള്ള കാര്യങ്ങള്‍ കരാറില്‍ രേഖപ്പെടുത്തും.
പതിനാറാം തീയതി കോടതി അനുവദിച്ച സമയം തീരുന്നതിനു മുന്‍പായി കരാര്‍ ഒപ്പിടുകയാണ് ഉദ്ദേശം. ചൊവ്വാഴ്ച രാവിലെ കോടതിയില്‍ കരാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കും. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ ഉണ്ടായ പ്രധാന വെല്ലുവിളിയായിരുന്നു മലയിടം തുരുത്ത് ഭൂപ്രശ്നം
എങ്ങനെ രമ്യമായി പരിഹരിക്കുമെന്നത്. എപ്പോള്‍ വേണമെങ്കിലും പൊലീസ് വരാമെന്ന ഭീതിയില്‍ കഴിയുന്ന ഇവിടുത്തെ ഏഴു കുടുംബങ്ങള്‍ക്ക് ചെറുതല്ലാത്ത ആശ്വാസമാണ് ലഭിക്കുന്നത്. ഉന്നതിയിലെ താമസക്കാരും ഭൂ ഉടമകളും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായതോടെ ഇന്നലെ രാത്രി നടന്ന ചര്‍ച്ചയാണ് പ്രശ്നപരിഹാരത്തിലേക്ക് നയിച്ചത്.















