മുംബൈ: മുംബൈയിലുണ്ടായ കനത്ത മഴയെത്തുടർന്ന് കൂർള വെസ്റ്റിലെ ഗൗസിയ ചാളിൽ ഉരുൾപൊട്ടൽ. ബുധനാഴ്ച പുലർച്ചെ 3:48 ഓടെയാണ് സംഭവം. കുന്നിടിച്ചിലിൽ ചാളിലെ വീടുകൾക്ക് മുകളിലേക്ക് കൂറ്റൻ മണ്ണും പാറക്കല്ലുകളും പതിക്കുകയായിരുന്നു. അപകടത്തിൽ 2 പേർ മരിച്ചതായും 6 മുതൽ 8 വരെ ആളുകൾ മണ്ണടിയിൽ കുടുങ്ങിക്കിടക്കുന്നതായും സംശയിക്കുന്നു.
സംഭവം നടന്നയുടൻ തന്നെ ഫയർഫോഴ്സ്, മുംബൈ പോലീസ്, എൻ.ഡി.ആർ.എഫ് (NDRF), ബി.എം.സി (BMC) ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മണ്ണടിയിൽ നിന്ന് പരിക്കുകളോടെ രക്ഷപ്പെടുത്തിയ സൊഹൈൽ അൻസാരി (18), മുഹമ്മദ് അൻസാരി (14) എന്നിവരെ സമീപത്തെ ഭാഭാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
മഴ പെയ്യുന്നത് തുടരുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കിലും കൂടുതൽ ആളുകളെ പുറത്തെടുക്കാനുള്ള ശ്രമം ഊർജ്ജിതമായി തുടരുകയാണ്. മേയർ റിതു താവ്ഡെ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുന്നു.















