മദ്യത്തിനും മയക്കുമരുന്നിനും പിന്നാലെ പോകാതെ കായികരംഗത്ത് സജീവമാകാൻ ആഗ്രഹിച്ച എലിവാലിയിലെ ഒരുക്കൂട്ടം യുവാക്കൾക്ക് ഇനി ആവേശത്തോടെ പന്തുതട്ടാം. റബ്ബർ തോട്ടത്തിലെ പരിമിതമായ സൗകര്യങ്ങളിൽ കളിച്ചിരുന്ന യുവാക്കളുടെ അഭ്യർത്ഥന കണക്കിലെടുത്ത് നാട് ഒന്നാകെ കൈകോർത്തപ്പോൾ എലിവാലിയിൽ പുതിയ വോളിബോൾ കോർട്ട് ഉയർന്നു.
തങ്ങൾക്കൊരു കോർട്ട് വേണമെന്ന യുവാക്കളുടെ ആവശ്യം പഞ്ചായത്ത് മെമ്പർ മണിക്കുട്ടി സന്തോഷ് ഏറ്റെടുത്തതോടെയാണ് ഇതിന് തുടക്കമായത്. എന്നാൽ സ്ഥലം കണ്ടെത്തുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. ഈ ഘട്ടത്തിൽ പൊതുപ്രവർത്തകനായ റോയി വെള്ളരിങ്ങാട്ട് തന്റെ സ്ഥലം വിട്ടുനൽകാൻ തയ്യാറായതോടെ സ്വപ്നത്തിന് ചിറകുമുളച്ചു. കോർട്ട് നിർമ്മാണം പൂർത്തിയായപ്പോൾ പന്തും നെറ്റും നൽകി പഞ്ചായത്തംഗം വിസിബ് തങ്കച്ചൻ കുന്നുംപുറവും പിന്തുണയുമായെത്തി.
കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന ചടങ്ങിൽ എലിവാലിയിലെ പഴയകാല കായിക ഓർമ്മകൾ ഇരമ്പി. വോളിബോൾ ഇതിഹാസങ്ങളായ ജിമ്മി ജോർജും ജോസ് ജോർജും അബ്ദുൽ റസാക്കുമൊക്കെ കടനാട് വന്നതും ചായ കുടിച്ചതുമൊക്കെ മുതിർന്നവർ ആവേശത്തോടെ പങ്കുവെച്ചു. ഉദ്ഘാടനത്തിനെത്തിയ യുവാക്കൾക്ക് സ്നേഹത്തോടെ ചായയും പലഹാരങ്ങളും വിളമ്പി മെമ്പർമാരും പൊതുപ്രവർത്തകരും ചടങ്ങ് ആഘോഷമാക്കി.
















