ഡൽഹി സ്ഫോടനം: കാറോടിച്ചത് കറുത്ത മാസ്ക്ധാരി; ലക്ഷ്യമിട്ടത് ചാന്ദ്നി ചൗക്ക് മാർക്കറ്റ്?
ന്യൂഡൽഹി: ലാൽകില മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. സ്ഫോടനത്തിന് ഉപയോഗിച്ച കാർ റെഡ് ഫോർട്ടിലെ പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് പുറത്തേക്ക് എടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു. കറുത്ത മാസ്ക് ധരിച്ച ഒരാളാണ് ഈ സമയം കാർ ഓടിച്ചിരുന്നതെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
റെഡ് ഫോർട്ടിന് മുന്നിൽ മൂന്ന് മണിക്കൂറോളം ഈ കാർ നിർത്തിയിട്ടിരുന്നതായും റിപ്പോർട്ടുണ്ട്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ഡൽഹിയിലെ തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റായിരുന്നു അക്രമികൾ ലക്ഷ്യമിട്ടിരുന്നതെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
ലക്ഷ്യം പാളി; കാർ ഉടമയെക്കുറിച്ച് വിവരം
ട്രാഫിക് സിഗ്നലിൽ വാഹനം നിർത്തേണ്ടി വന്നതാണ് മാർക്കറ്റിന് സമീപത്തേക്ക് കാർ കയറ്റാനുള്ള ശ്രമം പരാജയപ്പെടാൻ കാരണമെന്ന് പോലീസ് കരുതുന്നു. സ്ഫോടനം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്.
കാറിൻ്റെ ഇപ്പോഴത്തെ ഉടമസ്ഥൻ പുൽവാമ സ്വദേശിയായ താരിഖ് എന്നയാളാണെന്നാണ് വിവരം. ഇയാൾ കഴിഞ്ഞ മാസം 29-നാണ് വാഹനം വാങ്ങിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കി
ബോംബ് സ്ഫോടനത്തിന് പിന്നാലെ ഡൽഹിയിലെ സുരക്ഷാ ക്രമീകരണങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വർധിപ്പിച്ചു. കൂടാതെ ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും രാജ്യാതിർത്തികളിലും സുരക്ഷ ശക്തമാക്കാൻ നിർദേശം നൽകി.
- മെട്രോ, റെയിൽവേ സ്റ്റേഷനുകൾ
- ബസ് സ്റ്റാൻഡുകൾ, ഷോപ്പിങ് മാളുകൾ
- ആരാധനാലയങ്ങൾ, മറ്റ് തിരക്കേറിയ മേഖലകൾ
എന്നിവിടങ്ങളിൽ പരമാവധി പോലീസ് വിന്യാസം ഉറപ്പാക്കാനാണ് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്.
തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും വ്യാജ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. എല്ലാ റേഞ്ച് ഐജിപിമാരോടും പോലീസ് കമ്മിഷണർമാരോടും നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ കണ്ടാൽ ഉടൻ പോലീസിനെ അറിയിക്കാൻ ജനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.















