ലോകത്തിന്റെ പാപങ്ങൾ സ്വയം ഏറ്റുവാങ്ങി കാൽവരി മലയിൽ യേശുക്രിസ്തു കുരിശിലേറ്റപ്പെട്ടതിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. പീഡാനുഭവ സ്മരണകളിലൂടെയും പ്രാർത്ഥനാ നിർഭരമായ ശുശ്രൂഷകളിലൂടെയുമാണ് വിശ്വാസികൾ ഈ ദിനം കടന്നുപോകുന്നത്. യേശുവിന്റെ പീഡാനുഭവ യാത്രയെ അനുസ്മരിച്ച് 14 സ്ഥലങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന കുരിശിന്റെ വഴി പ്രാർത്ഥനകൾ ദേവാലയങ്ങളിൽ നടക്കും
ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ഏറ്റവും വലിയ ഉദാഹരണമായാണ് ദുഃഖവെള്ളി കണക്കാക്കപ്പെടുന്നത്. “പിതാവേ, ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർ അറിയുന്നില്ല; ഇവരോട് ക്ഷമിക്കണമേ” എന്ന് കുരിശിൽ കിടന്നു പ്രാർത്ഥിച്ച ക്രിസ്തുവിന്റെ ക്ഷമയുടെയും കരുണയുടെയും സന്ദേശമാണ് ഈ ദിനം പകരുന്നത്.















