ആശങ്കകള്‍ക്കും ആകാംക്ഷകള്‍ക്കുമിടയില്‍ ഇന്ത്യ-അമേരിക്ക വ്യാപാരകരാറിന്റെ രൂപരേഖ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കരാറില്‍ പൂര്‍ണവ്യക്തത വന്നിട്ടില്ലെങ്കിലും, ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഇന്ത്യയില്‍ വന്‍ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ് കരാര്‍ എന്നാണ് വ്യാപകവിമര്‍ശനം.
ബഹുരാഷ്ട്ര കമ്പനികകള്‍ക്ക് മുന്നിലുള്ള സമ്പൂര്‍ണ കീഴടങ്ങലാണ് കരാര്‍ എന്ന് കര്‍ഷകസംഘടനകള്‍ കുറ്റപ്പെടുത്തുന്നു. രണ്ട് പേര്‍ തമ്മില്‍ കച്ചവടത്തിന് ധാരണയാകുന്നു. ഒന്നാമന്റെ കയ്യിലുള്ള വസ്തുക്കള്‍ രണ്ടാമന് കൈമാറുമ്പോള്‍ പ്രത്യേകം ഫീസ് ഈടാക്കും. പക്ഷെ രണ്ടാമന്‍ ഒന്നാമന് കൈമാറുമ്പോള്‍ ഈ ഫീസുണ്ടാകില്ല. ഇതെന്താണിങ്ങനെ. ഇന്ത്യാ- അമേരിക്ക വ്യാപാര കരാറിലെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ഉയരുന്ന ചോദ്യം ഇതാണ്.
ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഉത്പ്പന്നങ്ങള്‍ക്ക് പതിനെട്ട് ശതമാനം തീരുവ അമേരിക്ക ചുമത്തും. അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് തീരുവ ഇല്ലാതെയോ വളരെ കുറഞ്ഞ തീരുവയ്‌ക്കോ വ്യാവസായിക-കാര്‍ഷിക-ഭക്ഷ്യ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യും.















