കടുത്തുരുത്തി: നഗരവീഥികളെ ആത്മീയ ഉന്നതിയിലേക്ക് ഉയര്‍ത്തി പട്ടണപ്രദക്ഷിണം. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ തിരുകുടുംബത്തിന്റെ ദര്‍ശന തിരുനാളിനോടുനുബന്ധിച്ചു ഇന്നലെ രാത്രിയില്‍ നടന്ന പട്ടണപ്രദക്ഷിണത്തില്‍ നാടും നഗരവും ഭക്തിസാന്ദ്രമായി. ദീപാലംകൃതമായ പട്ടണത്തെ ഭക്തിസാഗരമാക്കി ദൈവമാതാവിന്റെ തിരുസ്വരൂപവും വഹിച്ചുക്കൊണ്ടു നടന്ന പ്രദക്ഷിണം
വിശാസത്തിന്റെ നേര്‍കാഴ്ച്ചയായി. തിരുനാള്‍ റാസയെ തുടര്‍ന്ന് പള്ളിയങ്കണത്തില്‍നിന്നും തിരുസ്വരൂപം വഹിച്ചുക്കൊണ്ട് പ്രദക്ഷിണം ആരംഭിച്ചു.
കത്തിച്ചുപിടിച്ചു മെഴുകുതിരുകളുമായി സ്ഥാനവസ്ത്രങ്ങളണിഞ്ഞ ദര്‍ശന സമൂഹം
പ്രദക്ഷിണത്തില്‍ പങ്കെടുത്തു. പ്രാര്‍ത്ഥനാഗീതങ്ങള്‍ക്കൊപ്പം ശബ്ദമുഖരിതമായ പ്രദക്ഷിണം മാര്‍ക്കറ്റ് ജംഗ്ഷനിലെ ദൈവമാതാവിന്റെ ലൂര്‍ദ് കപ്പേളയിലും, സെന്‍ട്രല്‍ ജംഗ്ഷനിലെ കാവല്‍ മാലാഖയുടെ കപ്പേളയിലുമെത്തിയ ശേഷം പള്ളിയില്‍ സമാപിച്ചു. തുടര്‍ന്ന് സ്വീവാവന്ദനവും കപ്ലോന്‍ വാഴ്ച്ചയും നടന്നു.
പ്രധാന തിരുനാള്‍ ദിനമായ ഇന്ന് രാവിലെ 6.30നും 9.30നും വിശുദ്ധ കുര്‍ബാന-ഫാ.മിഥുന്‍ പനച്ചിക്കാല സിഎംഎഫ്, നാലിന് തിരുനാള്‍ റാസ-ഫാ.സ്‌കറിയ മോടിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. 6.15ന് പ്രസുദേന്തി വാഴ്ച്ച, 6.30ന് പട്ടണപ്രദക്ഷിണം, 7.30ന് ടൗണിലെ കുരിശുപള്ളിയില്‍ തിരുനാള്‍ സന്ദേശം-ഫാ.ബിജു കുന്നക്കാട്ട്, തുടര്‍ന്ന് പള്ളിയിലേക്ക് പ്രദക്ഷിണം, ലദീഞ്ഞ്, സമാപനാശീര്‍വാദം, എട്ടിന് ഗാനമേള. നാളെ മരിച്ചവരുടെ ഓര്‍മദിനത്തില്‍ രാവിലെ ആറിന് പഴയപള്ളിയില്‍ വിശുദ്ധ കുര്‍ബാന-ഫാ.വര്‍ഗീസ് ഇത്തിത്തറ പിഡിഎം, സിമിത്തേരി സന്ദര്‍ശനം, 7.30ന് പുതിയ പള്ളിയില്‍ വിശുദ്ധ കുര്‍ബാന.













