2025 ഒക്ടോബർ 23 വ്യാഴം 1199 തുലാം 06
വാർത്തകൾ
🗞️👉 പാലാ സെന്റ് തോമസ് കോളേജിന് ചരിത്രനിമിഷം; പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഇന്ന്
പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിന് ഇന്ന് ചരിത്രദിനം
75 വർഷത്തെ ചരിത്രത്തിനിടയിൽ ആദ്യമായി ഒരു രാഷ്ട്രപതിയെ വരവേല്ക്കുന്നതിൻ്റെ അഭിമാനത്തിലും ആവേശത്തിലുമാണ് സെന്റ് തോമസ് കോളേജ്. ബഹു. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സ്വീകരിക്കുന്നതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് പ്രിൻസിപ്പൽ ഡോ. സിബി ജയിംസ് വ്യക്തമാക്കി. ‘എ’ ബ്ലോക്ക് ഉൾപ്പെടെയുള്ള കോളേജിന്റെ പ്രധാന കെട്ടിടങ്ങൾ എല്ലാ സജ്ജീകരണങ്ങളോടും കൂടി മനോഹരമാക്കി. വൈദ്യുത ദീപാലങ്കാര പ്രഭയിൽ പ്രൗഢിയോടെ നില്ക്കു ന്ന കോളേജിന്റെ ചിത്രവും രാഷ്ട്രപതിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള വലിയ ബോർഡുകളും ശ്രദ്ധേയമാണ്. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ബഹു. രാഷ്ട്രപതി ദ്രൗപദി മുർമു കോളേജിലെത്തും. പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനത്തിനുശേഷം വൈകുന്നേരം 4.50 ന് രാഷ്ട്രപതിയും സംഘവും കോട്ടയത്തേക്ക് മടങ്ങും.
മുൻകൂട്ടി രജിസ്റ്റർ ചെയ്ത് പാസ്സ് ലഭിച്ചവർ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമീപമുള്ള ഗേറ്റിലൂടെയാണ് സമ്മേളനവേദിയിലേക്ക് എത്തേണ്ടത്. പങ്കെടുക്കുന്നവര്‍ പ്രവേശനത്തിനുള്ള പാസ്സ് കൂടാതെ ഒരു ഐഡി പ്രൂഫും കൂടി കൊണ്ടുവരേണ്ടതാണ്. 2.30 ന് മുൻപായി ഹാളിൽ പ്രവേശിക്കണം. മൊബൈല്‍ ഫോണ്‍ ഉൾപ്പെടെയുള്ള യാതൊരുവസ്തുക്കളും ഹാളിൽ പ്രവേശിപ്പിക്കുവാന്‍ അനുമതി ഇല്ലാത്തതിനാല്‍ ഗേറ്റിനു സമീപമുള്ള കൗണ്ടറില്‍ അവ ഏല്പിക്കേണ്ടതാണ്. ഊരാശാലയ്ക്ക് സമീപമുള്ള സൺ സ്റ്റാർ കൺവൻഷൻ സെൻ്ററിൻ്റെ മുന്‍വശത്തും പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്കുള്ള റോഡിന്റെ വലതുവശത്തുനിന്ന് പ്രവേശിക്കാവുന്ന കോളേജിന്റെ ‘എച്ച്’ ബ്ലോക്കിനുമുന്നിലുമാണ് പാർക്കിംഗ് ക്രമീകരിച്ചിരിക്കുന്നത്. സി.ആര്. ഹോസ്റ്റലിനു മുന്വ്ശം വി.ഐ.പി.കൾക്കുള്ള പാർക്കിംഗ് ഏരിയായാണ്.
4.00 മണിക്ക് ബിഷപ് വയലിൽ ഹാളിൽ വച്ച് നടക്കുന്ന പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തില്‍ ബഹു. രാഷ്ട്രപതി ദ്രൗപദി മുർമു, ബഹു. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ, പാലാ രൂപതാദ്ധ്യക്ഷനും കോളേജ് രക്ഷാധികാരിയുമായ മാർ ജോസഫ് കല്ലറങ്ങാട്ട്, കേന്ദ്രമന്ത്രി
ശ്രീ. ജോർജ്ജ് കുര്യൻ, മന്ത്രിമാരായ ശ്രീ. വി.എന്‍. വാസവന്, ശ്രീ. റോഷി അഗസ്റ്റിന്, എം.പി.മാരായ
ശ്രീ. ജോസ് കെ. മാണി, ശ്രീ. ഫ്രാൻസീസ് ജോർജ്ജ്, എം.എല്‍.എ. ശ്രീ. മാണി സി. കാപ്പന്, പാലാ രൂപതാ മുഖ്യവികാരി ജനറാളും കോളേജ് മാനേജരുമായ മോണ്‍. റവ. ഡോ. ജോസഫ് തടത്തില്‍, പ്രിൻസിപ്പൽ ഡോ. സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, ബർസാർ റവ.ഫാ. മാത്യു ആലപ്പാട്ടുമേടയില്‍ എന്നിവർ സന്നിഹിതരാകുന്ന സമ്മേളനത്തിൽ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ വ്യക്തികളും പങ്കെടുക്കുന്നതാണ്.
🗞️👉 സംസ്ഥാനത്ത് കൂൺകൃഷി വ്യാപിപ്പിക്കും; ഡി.എം.ആറുമായി ഉടൻ ധാരണാപത്രം ഒപ്പുവെക്കുമെന്ന് മന്ത്രി പി. പ്രസാദ്.
കടുത്തുരുത്തി: കൂണ് കൃഷി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കൃഷി വകുപ്പ് ഡിഎംആര്‍ മായി ഉടന്‍ ധാരണാപത്രം ഒപ്പ് വയ്ക്കുമെന്ന് മന്ത്രി പി.പ്രസാദ്. സമഗ്ര കൂണ് ഗ്രാമം വികസന പദ്ധതി പൂര്‍ത്തീകരണം സംസ്ഥാനത്തെ പ്രഥമ പ്രഖ്യാപനവും ഭാരതീയ പ്രകൃതി കൃഷി പദ്ധതി കിസാന്‍ മേളയും കടുത്തുരുത്തിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നമ്മുടെ രാജ്യത്തെ പകുതിയിലേറേ രോഗങ്ങള്‍ക്കും കാരണം ഭക്ഷണമാണെന്നും കൂണ് പോലെയുള്ള പ്രതിരോധ ശേഷി പ്രദാനം ചെയ്യുന്ന വിഭങ്ങള്‍ മലയാളി ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്നും പി.പ്രസാദ് ഉപദേശിച്ചു.
🗞️👉 കെപിസിസി പുനഃസംഘടനയിൽ അതൃപ്തി; ചാണ്ടി ഉമ്മനും ഷമ മുഹമ്മദിനും എഐസിസിയിൽ പുതിയ പദവി
കെപിസിസി പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കിയ ചാണ്ടി ഉമ്മന്‍ എംഎല്‍എക്കും ഷമ മുഹമ്മദിനും എഐസിസിയില്‍ പുതിയ പദവി. ടാലന്റ് ഹണ്ട് കോര്‍ഡിനേറ്റര്‍മാരായി ഇരുവരെയും നിയമിച്ചിരിക്കുന്നത്. മേഘാലയുടെയും അരുണാചൽ പ്രദേശിൻ്റെയും ചുമതലയാണ് ചാണ്ടി ഉമ്മന്‍ നല്‍കിയിരിക്കുന്നത്. ഷമ മുഹമ്മദിന് ഗോവയുടെയും ചുമതല നല്കി. എഐസിസിയില്‍ റിസര്‍ച്ച് വിംഗിലെ ജോര്‍ജ് കുര്യനാണ് കേരളത്തിലെ ടാലന്റ് ഹണ്ട് കോര്‍ഡിനേറ്റര്‍. കെപിസിസി പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടയിലാണ് പുതിയ പദവികള്‍ നല്‍കിയത്. കെപിസിസി പുനസംഘടനയിൽ ചാണ്ടി ഉമ്മനും ഷമ മുഹമ്മദും പ്രതിഷേധമറിയിച്ചിരുന്നു. പട്ടികയിലിടം പ്രതീക്ഷിച്ച ഷമ മുഹമ്മദ്, തഴയപ്പെട്ടതോടെ കഴിവ് മാനദണ്ഡമാണോയെന്ന് പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.
🗞️👉 കടുത്തുരുത്തി മണ്ഡലത്തിലെ സമഗ്ര കാർഷിക വികസനത്തിന് കൂടുതൽ തുക പ്രഖ്യാപിച്ച് മന്ത്രി പി. പ്രസാദ്
കടുത്തുരുത്തി: കുറുപ്പന്തറയിലെ സംഘമൈത്രിക്ക് അടിസ്ഥാന സൗകര്യ വികസനം നടപ്പികലാക്കുന്നതിനായി 18 ലക്ഷം രൂപ അനുവദിച്ചതായി കൃഷി മന്ത്രി പി.പ്രസാദ്. കൂടാതെ സംഘമൈത്രിക്ക് ട്രാന്സ്പോര്ട്ടേഷന് സബ്സിഡിയായി 35.34 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. മോന്‍സ് ജോസഫ് എംഎല്‍എയുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടായതെന്നും മന്ത്രി അറിയിച്ചു. സമഗ്ര കൂണ് ഗ്രാമം വികസന പദ്ധതി പൂര്‍ത്തീകരണം സംസ്ഥാനത്തെ പ്രഥമ പ്രഖ്യാപനവും ഭാരതീയ പ്രകൃതി കൃഷി പദ്ധതി കിസാന്‍ മേളയും കടുത്തുരുത്തിയില്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്. എംഎല്‍എയുടെ നേതൃത്വത്തില്‍ കടുത്തുരുത്തി മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന സമഗ്ര കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി 15 പഞ്ചായത്തുകളില്‍ കൂണ് ക്ലസ്റ്ററിനായി 50.35 ലക്ഷം അനുവദിച്ചതായും മാഞ്ഞൂര്‍ പഞ്ചായത്തില്‍ ആശ്രയകേന്ദ്രം നടപ്പിലാക്കുമെന്നും മാന്‍വെട്ടം ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പിനിക്കായി 3.25 ലക്ഷവും കൂണ്‍കൃഷി കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി പത്ത് ലക്ഷവും അവനുവദിച്ചതായി മന്ത്രി അറിയിച്ചു.
🗞️👉 പിഎം ശ്രീ: എതിര്‍പ്പ് തുടരാന്‍ സിപിഐ എക്സിക്യൂട്ടീവ് തീരുമാനം
പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനവുമായി ബന്ധപ്പെട്ട തങ്ങളുടെ എതിര്‍പ്പില്‍ ഉറച്ചുനില്ക്കാന് സിപിഐ. നിലപാടില്‍ ഉറച്ചുനില്ക്കാന് സിപിഐ എക്സിക്യൂട്ടീവില്‍ തീരുമാനം. പിഎം ശ്രീയുടെ മറവില്‍ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാനാണ് നീക്കമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിപിഐ എതിര്‍പ്പുമായി രംഗത്തെത്തിയത്.
🗞️👉 പാലോട് ബ്രൈമൂര്‍ എസ്റ്റേറ്റില്‍ വന്‍ മരംകൊള്ള; വ്യാജ റിപ്പോര്‍ട്ടിന്റെ മറവില്‍ ചന്ദനം, തേക്ക്, ഉള്‍പ്പെടെ അമൂല്യ മരങ്ങള്‍ കടത്തി
വനം കൈയ്യേറിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന എസ്റ്റേറ്റ് ഭൂമിയില്‍ വന്‍ മരംകൊള്ള. റബ്ബര്‍ മരങ്ങള്‍ മുറിക്കാന്‍ എന്ന വ്യാജേന കടത്തിയത് മഹാഗണി, തേക്ക്, ഈട്ടി, ചന്ദനം ഉള്‍പ്പെടെയുള്ള അമൂല്യ മരങ്ങള്‍. മുന്‍ പാലോട് റേഞ്ച് ഓഫീസറുടെ വ്യാജ റിപ്പോര്‍ട്ടിന്റെ മറവിലാണ് കോടികളുടെ മരംകൊള്ള നടക്കുന്നത്. മരംകൊള്ളയുടെ നിര്‍ണായക ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു.
🗞️👉 മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് വഴിയൊരുക്കാമെന്ന് ഉറപ്പ്; ക്ലിഫ് ഹൗസിലെ സമരം അവസാനിപ്പിച്ച് ആശമാർ
ക്ലിഫ് ഹൗസിലെ പ്രതിഷേധം അവസാനിപ്പിച്ച് ആശാ വർക്കേഴ്സ്. മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് സാഹചര്യം ഒരുക്കി തരാമെന്ന് ഉറപ്പ് ലഭിച്ചതായി സമരസമിതി നേതാവ് വികെ സദാനന്ദൻ പറഞ്ഞു. അറസ്റ്റ് ചെയ്ത 19 പേരെ വിട്ടയക്കുമെന്നും ഉറപ്പ് ലഭിച്ചു. അതേസമയം സെക്രട്ടേറിയറ്റിന് മുന്നിലെ സമരം തുടരും.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നിൽ ആശാവർക്കേഴ്സ് നടത്തിയ പ്രതിഷേധത്തിൽ സംഘർഷമുണ്ടായി. പൊലീസിന്റെ ബലപ്രയോഗത്തിൽ പരുക്കേറ്റെന്ന് ആശാ പ്രവർത്തകർ ആരോപിച്ചു. നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ആഹ്വാനം ചെയ്തു.
സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിന്റെ 256 -ാം ദിവസമാണ് ക്ലിഫ് ഹൗസിലേക്കുള്ള പ്രതിഷേധമാർച്ച്.












