2025 ഒക്‌ടോബർ 17 വെള്ളി 1199 കന്നി 31
വാർത്തകൾ
🗞️👉 ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം സംഘമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മണിക്കൂറുകളായി പ്രത്യേക അന്വേഷണസംഘം പോറ്റിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയായിരുന്നു. ഇന്ന് 12 മണിക്കുള്ളില്‍ ഇയാളെ റാന്നി കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. എസ്പി ബിജോയ്യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
🗞️👉 നസ്രാണി ജാത്യൈക്യ സംഘം ഭരണഘടന പ്രകാശനം ചെയ്തു.
നസ്രാണി ജാത്യൈക്യ സംഘത്തിന്റെ ഭരണഘടനയുടെ പ്രകാശനം പാലാ രൂപത മെത്രാനും സീറോ മലബാർ സഭയുടെ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർത്തോമ്മാ സഭ സഫ്രഗൻ മെത്രാപ്പോലിത്താ ജോസഫ് മാർ ബർന്നബാസ്, പൗരസ്ത്യ കൽദായ സുറിയാനി സഭ അധ്യക്ഷൻ ഔഗിൻ മാർ കുറിയാക്കോസ്, യാക്കോബായ സുറിയാനി സഭയുടെ അങ്കമാലി – മൂവാറ്റുപുഴ റീജിയൻസ് മെത്രാപ്പോലീത്താ മാത്യൂസ് മാർ അന്തീമോസ്, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കോട്ടയം ഭദ്രാസന അധ്യക്ഷൻ യൂഹാനോൻ മാർ ദിയസ്കോറോസ്, ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്താ കുര്യാക്കോസ് മാർ സേവേറിയോസ് എന്നിവർ സംയുക്തമായി നിർവഹിച്ചു. ഒന്നാം നൂറ്റാണ്ട് മുതൽ മാർത്തോമാ ശ്ലീഹായുടെ പൈതൃകമുള്ള നസ്രാണി സമുദായം 17-)o നൂറ്റാണ്ട് മുതൽ ആണ് വിവിധ സഭകളിൽ ആയി മാറിയത്. സാമുദായിക ഐക്യത്തിനായി പരിശ്രമിക്കുന്ന നസ്രാണി ജാത്യൈക്യ സംഘം (NJS) ചരിത്രപരമായ പ്രാധാന്യമുള്ള ഒന്നാണ്. പുലിക്കോട്ടിൽ മാർ ദിവന്നാസിയോസ്, നിധീരിക്കൽ മാണിക്കത്തനാർ എന്നിവർ ചേർന്നു രൂപീകരിച്ച നസ്രാണി ജാത്യൈക്യ സംഘത്തിന്റെ ആധുനിക തലമുറയുടെ പതിപ്പാണ് ഇപ്പോഴത്തെ ശ്രമം. നസ്രാണി സമുദായ ദേശ യോഗങ്ങൾ വിവിധ സ്ഥലങ്ങളിൽ കൂടിവരുന്നു. ജനറൽ സെക്രട്ടറി ശ്രീ. സെന്നിച്ചൻ കുര്യൻ, ട്രഷറർ ഷെവലിയർ ഉമ്മച്ചൻ വേങ്കടത്ത്, ജോയിന്റ് സെക്രട്ടറി ബിനോയി പി മാത്യു തുടങ്ങിയവർ ആണ് അഭിവന്ദ്യ പിതാക്കന്മാരുടെ അനുഗ്രഹം തേടി എത്തിയത്.
🗞️👉 കെ പി സി സി പുനഃസംഘടന പട്ടിക പ്രസിദ്ധീകരിച്ചു
കെപിസിസിക്ക് വീണ്ടും ജംബോ കമ്മിറ്റി പട്ടിക പ്രഖ്യാപിച്ചു. 58 ജനറൽ സെക്രട്ടറിമാരും, 13 വൈസ് പ്രസിഡന്റുമാരും പുതിയ പട്ടികയിൽ. പുതുക്കിയ രാഷ്ട്രീയകാര്യ സമിതിയിൽ 6 പേർ കൂടി. നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് രാഷ്ട്രീയകാര്യ സമിതി അടക്കം വിപുലീകരിച്ചുകൊണ്ടുള്ള പട്ടിക എഐസിസി നേതൃത്വം പ്രസിദ്ധീകരിച്ചത്.
🗞️👉 താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണം, അമീബിക് മസ്തിഷ്ക ജ്വരം കാരണമല്ല
കോഴിക്കോട് താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇൻഫ്ലുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യുമോണിയയാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
🗞️👉 ഗോവ ഗാർഡിയൻസിനെ തോൽപ്പിച്ച് ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്
പ്രൈം വോളിബോൾ ലീഗ് നാലാം സീസണിൽ ഗോവ ഗാർഡിയൻസിനെതിരെ മികച്ച ജയവുമായി ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്. വ്യാഴാഴ്‌ച ഹൈദരാബാദ് ഗച്ചിബൗളി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാല് സെറ്റ് നീണ്ട പോരിലായിരുന്നു ജയം. സ്‌കോർ: 15–13, 20–18, 15–17, 15–9. ആദ്യ രണ്ട് സെറ്റ് നേടി ഹൈദരാബാദ് ആധിപത്യം പിടിച്ചപ്പോൾ മൂന്നാം സെറ്റ് പിടിച്ച് ഗോവ തിരിച്ചുവരാൻ ശ്രമിച്ചു. ഹൈദരാബാദിന്റെ ബ്രസീലുകാരൻ യുദി യമമോട്ടോയാണ് കളിയിലെ താരം. ജയത്തോടെ ഏഴ് പോയിന്റുമായി ഹൈദരാബാദ് ആറാം സ്ഥാനത്തെത്തി.
🗞️👉 ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം: മറ്റാരുടേയും സഹായം പ്രതിക്ക് ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ മറ്റാരും സഹായം നല്‍കിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. സംഭവത്തില്‍ ആറ് സഹതടവുകാരുടേയും ജയില്‍ ജീവനക്കാരുടേയും മൊഴിയെടുക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തതിന്റേയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ജയില്‍ചാട്ടത്തെക്കുറിച്ച് ഗോവിന്ദച്ചാമി ആകെ പറഞ്ഞത് തന്റെ സഹതടവുകാരനായ തേനി സുരേഷിനോട് മാത്രമാണെന്നാണ് നിഗമനം. സെല്ലിന്റെ അഴികള്‍ മുറിക്കാന്‍ ഗോവിന്ദച്ചാമി ഉപയോഗിച്ച ആയുധത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് സംഘത്തിന് ഇപ്പോഴും അവ്യക്തതയുണ്ട്.












