2025 സെപ്റ്റംബർ 07 ഞായർ 1199 ചിങ്ങം 22
വാർത്തകൾ
🗞️👉 ഗുജറാത്തിൽ ക്ഷേത്രത്തിലേക്കുള്ള റോപ്പ്‌വേ തകർന്നു
ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിൽ റോപ്പ്‌വേ തകർന്ന് ആറ് പേർ മരിച്ചു. പ്രശസ്തമായ പാവഗഡ് ശക്തിപീഠത്തിലെ കാളീ ക്ഷേത്രത്തിലേക്കുള്ള റോപ്പ്‌വേയുടെ കേബിൾ പൊട്ടിയാണ് അപകടം സംഭവിച്ചത്. ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ രണ്ട് ലിഫ്റ്റ്മാൻമാർ, രണ്ട് തൊഴിലാളികൾ, മറ്റ് രണ്ട് പേർ എന്നിവരുൾപ്പെടെ ആറ് പേരുണ്ടെന്ന് പഞ്ചമഹൽ കളക്ടർ സ്ഥിരീകരിച്ചു. അപകടവിവരം ലഭിച്ച ഉടൻ തന്നെ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. സംഭവത്തെക്കുറിച്ച് ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
🗞️👉 കുന്നംകുളം കസ്റ്റഡി മര്‍ദനം; നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
തൃശൂര്‍ കുന്നംകുളം സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഇന്ന് രാവിലെയാണ് ഡിഐജി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍. എസ് ഐ നൂഹ്മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. കോടതി നടപടികള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നു എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. തൃശൂര്‍ റേഞ്ച് ഡിഐജി ഉത്തരമേഖല ഐജിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് സസ്പെന്‍ഷന് ശുപാര്‍ശ ചെയ്തിരുന്നത്. അച്ചടക്ക നടപടി പുനഃപരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഡിഐജി ഹരിശങ്കറാണ് ഉത്തമേഖല ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. എസ് ഐ നൂഹ്മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 4 പൊലീസുകാര്‍ക്കെതിരെ കോടതി ക്രിമിനല്‍ കേസെടുത്തിട്ടുണ്ടെന്നും അതിനാല്‍ സസ്പെന്‍ഡ് ചെയ്യണമെന്ന് ഡിഐജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
🗞️👉 ഒന്നര മണിക്കൂറില്‍ നാലു ഭാഷകളിലുള്ള ബൈബിള്‍ കൈയെഴുത്തുപ്രതി
ചരിത്രം കുറിച്ച് നാലുഭാഷകളിലുള്ള ബൈബിള്‍ കൈയെഴുത്തുപ്രതി കേവലം ഒന്നരമണിക്കൂര്‍ക്കൊണ്ട് എഴുതി പൂര്‍ത്തിയാക്കി മഹാരാഷ്ട്രയിലെ ഇടവക. കല്യാണ്‍ അതിരൂപതയുടെ കീഴിലുള്ള പിംപ്രി-ചിഞ്ച്‌വാദേയിലെ കാലേവാദി സെന്റ് അൽഫോൻസ ഇടവകാംഗങ്ങളാണ് ഉല്പത്തി മുതൽ വെളിപാട് വരെയുള്ള സമ്പൂര്‍ണ്ണ ബൈബിള്‍ മുഴുവൻ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, മറാത്തി ഭാഷകളിൽ വെറും ഒന്നര മണിക്കൂറിനുള്ളിൽ പകർത്തി എഴുതിയത്. ഇടവകയിലെ വിശ്വാസ പരിശീലന വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ബൈബിള്‍ കൈയെഴുത്തുപ്രതി തയാറാക്കുന്ന ഉദ്യമത്തില്‍ 8 വയസ്സുമുതൽ 86 വയസ്സുവരെ പ്രായമുള്ള ഇടവകയിലെ 560 വിശ്വാസികളാണ് പങ്കുചേര്‍ന്നത്. ദൈവവചനം വായിക്കാനും പഠിക്കാനും വിശ്വാസികളെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന്‍ ഇടവക വികാരി ഫാ. ഷിബു പുളിക്കൽ പറഞ്ഞു. പങ്കെടുത്ത എല്ലാവർക്കും ആഴത്തിലുള്ള ആത്മീയ അനുഭൂതി നല്‍കുന്ന നിമിഷമായിരുന്നുവെന്നും പ്രാർത്ഥനയോടും ഭക്തിയോടും കൂടിയാണ് എല്ലാവരും പങ്കുചേര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
🗞️👉 ഓപ്പറേഷൻ സിന്ദൂർ പൂക്കളമിട്ടതിന് എഫ്‌ഐആർ, പാകിസ്താൻ അല്ല കേരളം ഭരിക്കുന്നത്; രാജീവ് ചന്ദ്രശേഖർ
“ഓപ്പറേഷൻ സിന്ദൂർ“ എന്ന പേരിൽ പൂക്കളം ഒരുക്കിയതിന് കേരള പൊലീസ് എഫ്ഐആർ ഇട്ട നടപടി ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ബിജെപി സംസ്‌ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത് കേരളമാണ്. ഇന്ത്യയുടെ ഭാഗമെന്നതിൽ അഭിമാനിക്കുന്ന നമ്മുടെ നാട്ടിൽ ഇതൊരിക്കലും അംഗീകരിക്കാനാകില്ല. ദേശസ്നേഹികളായ എല്ലാ ഭാരതീയരുടെയും അഭിമാനമാണ് ഓപ്പറേഷൻ സിന്ദൂർ . നമ്മുടെ സായുധസേനകളുടെ കരുത്തിൻ്റെയും പോരാട്ടവീര്യത്തിൻ്റെയും പ്രതീകമാണത്. തീവ്രവാദികൾ മതം ചോദിച്ച് കൊലപ്പെടുത്തിയ 26 നിരപരാധികളായ വിനോദ സഞ്ചാരികളുടെ മരണത്തിന് പകരം വീട്ടിയ ധീരമായ സൈനിക നടപടിയാണ് ഓപ്പറേഷൻ സിന്ദൂർ എന്നോർക്കണം.
🗞️👉 കെപിസിസി സമൂഹമാധ്യമ ചുമതലയിൽ നിന്ന് വി ടി ബൽറാം രാജിവെച്ചു
കെപിസിസി സമൂഹ മാധ്യമ ചുമതല വി ടി ബൽറാം രാജിവെച്ചു. വിഷയത്തിൽ ബൽറാമിനോട് കെപിസിസി അധ്യക്ഷൻ വിശദീകരണം തേടിയിരുന്നു. ബീഡി-ബീഹാർ പോസ്റ്റ് വിവാദത്തിന് പിന്നാലെയാണ് വി ടി ബൽറാം കോൺഗ്രസ് സോഷ്യൽ മീഡിയ വിങ് സ്ഥാനമൊഴിഞ്ഞത്. കൂടാതെ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ വിങ് പുനഃസംഘടിപ്പിക്കാൻ കെപിസിസി തീരുമാനം. കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ വന്ന ബീഡി-ബിഹാർ പോസ്റ്റ് തെറ്റായിപ്പോയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. കോൺഗ്രസ് കേരളയുടെ എക്സിൽ വന്ന പോസ്റ്റ് പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. പിശക് പറ്റിയെന്നും ജാഗ്രതക്കുറവും സൂക്ഷ്മതക്കുറവും ഉണ്ടായെന്നും സണ്ണി ജോസഫ് പറഞ്ഞു. പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു പോസ്റ്റ് വന്നത് തെറ്റായിപ്പോയി. അതിന് ഉത്തരവാദികളായ അഡ്മിനും ഓപ്പറേറ്റർമാരും ഖേദംപ്രകടിപ്പിച്ചിട്ടുണ്ട്.
🗞️👉 കേരള ക്രിക്കറ്റ് ലീഗ് ഫൈനല്‍: ഏരീസ് കൊല്ലം സെയിലേഴ്‌സ് – കൊച്ചി ബ്ലൂ ടൈഗേഴ്‌സ് പോരാട്ടം
കേരള ക്രിക്കറ്റ് ലീഗ് ഫൈനലില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സ് – കൊച്ചി ബ്ലൂ ടൈഗേഴ്‌സ് പോരാട്ടം. മത്സരം ഞായറാഴ്ച. കൊല്ലം ഫൈനലില്‍ എത്തിയത് തൃശൂര്‍ ടൈറ്റന്‍സിനെ പത്ത് വിക്കറ്റിന് തകര്‍ത്താണ്. കൊച്ചിയുടെ ഫൈനല്‍ പ്രവേശം കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനെ പതിനഞ്ച് റണ്‍സിന് തോല്‍പ്പിച്ചും. ആദ്യം ബാറ്റ് ചെയ്ത തൃശ്ശൂര്‍ ടൈറ്റന്‍സ് 86 റണ്‍സിന് ഓള്‍ ഔട്ടായി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്ലം വിക്കറ്റ് നഷ്ടമില്ലാതെ 61 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് വിജയിച്ചത്. 31 പന്തില്‍ 56 റണ്‍സെടുത്ത ഭരത് സൂര്യയും 28 പന്തില്‍ 32 റണ്‍സ് എടുത്ത അഭിഷേക് ജെ നായരും ആണ് കൊല്ലത്തിന്റെ വിജയം അനായാസമാക്കിയത്. രണ്ടു വിക്കറ്റ് വീഴ്ത്തിയ കൊല്ലത്തിന്റെ അമല്‍ എ.ജിയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. കൊല്ലത്തിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്.












