കടുത്തുരുത്തി: കിണറ്റില്‍ വീണ രണ്ടര വയസുകാരിയുടെയും രക്ഷിക്കാനിറങ്ങിയ കുട്ടിയുടെ അച്ഛന്റെയും ഉള്‍പെടെ രണ്ട് ജീവനുകളെ മരണക്കയത്തില്‍നിന്ന് തിരികെ ജീവിത്തതിലേക്ക് മടക്കി കൊണ്ടുവന്ന തോമസുകുട്ടി രാജുവാണ് ഇപ്പോള്‍ നാട്ടിലെ താരം. കുറുപ്പന്തറ ഇരവിമംഗലം നീലംപടം വീട്ടില്‍ എന്‍.എസ്. രാജുവിന്റെയും എത്സമ്മ രാജുവിന്റെയും ഇളയമകനാണ് 34-കാരനായ തോമസുകുട്ടി രാജു. മാഞ്ഞൂര്‍ തൂമ്പില്‍ പറമ്പില്‍ സിറിള്‍ കുര്യന്‍, മകള്‍ ലെനറ്റ്(രണ്ടര) എന്നിവരുടെ ജീവനാണ് തോമസുകുട്ടിയുടെ സമയോചിതമായ ഇടപെടലില്‍ രക്ഷിക്കാനായത്. താന്‍ ഇടപെട്ട് രണ്ട് ജീവിതം സുരക്ഷിതമാക്കിയതിന് സമൂഹത്തിന്റെ അഭിനന്ദനത്തിന് അര്‍ഹനാകുമ്പോഴും വലിയൊരു ദുരന്തം കാണ്‍മുന്നില്‍നിന്ന് ഒഴിഞ്ഞു മാറിയിട്ടും ആ സമയത്തെ ആശങ്കയും ഭയവും ഇപ്പോഴും തോമസുകുട്ടിയുടെ മനസില്‍നിന്ന് മായുന്നില്ല. . സിറിള്‍ കുര്യന്‍ ഖത്തറില്‍ നഴ്‌സായി ജോലി
ചെയ്യുകയാണ്. ഒരാഴ്ച മുമ്പാണ് സിറിളും മകള്‍ ലെനറ്റും നാട്ടില്‍ എത്തിയത്. സിറിളിന്റെ ഭാര്യയുടെ മാതാപിതാക്കള്‍ക്ക് താമസിക്കാനായി വീട് നോക്കാനാണ് അപകടത്തില്‍നിന്ന് രക്ഷപെട്ട സിറിളിനെയും ലെനറ്റിനേയും ഇന്നലെ തോമസ്‌കുട്ടി നേരില്‍കണ്ടിരുന്നു.
സുഹൃത്തായ യുകെയില്‍ ജോലി ചെയ്യുന്ന തിരുവല്ല സ്വദേശിയായ ജെറിന്റെ ഉടമസ്ഥതയിലുള്ള ഇരവിമഗലം പബ്ലിക് ലൈബ്രറിയ്ക്ക് സമീപത്തെ വീട് വില്‍പനയ്ക്കുള്ളതായിരുന്നു. ഈ വീടിന്റെ നോക്കി നടത്തിപ്പിന് സുഹൃത്ത് ജെറിന്‍ ഏല്‍പ്പിച്ചിരുന്നത് തോമസുകുട്ടിയെയാണ്. ഒരു കുടംബം വീട് നോക്കാനായി വരുന്നുണ്ടെന്ന് പറഞ്ഞ് കുറുപ്പന്തറയിലുള്ള ഇടനിലക്കാരന്‍ വിളിച്ചു പറഞ്ഞതനുസരിച്ചു ചൊവ്വാഴ്ച 3.40 ഓടെ ഇവര്‍ വന്നപ്പോളാണ് അപകടം. മാഞ്ഞൂര്‍ തൂമ്പില്‍ പറമ്പില്‍ സിറിള്‍ കുര്യന്‍, മകള്‍ ലെനറ്റ്(രണ്ടര), സിറിളി ന്റെ ഭാര്യ ആന്‍മരിയയുടെ പിതാവ് പാലക്കാട് മംഗലംഡാം സ്വദേശികളായ സിറിയക്കും അമ്മ ആനിയമ്മയും എന്നിവരാണ് വീട് നോക്കാനായി ഇടനിലക്കാരനൊപ്പം വന്നത്. പുറത്തേക്കിറങ്ങിയ കുട്ടി ഉയരം കുറഞ്ഞ ചുറ്റുമതിലുള്ള കിണറിന്
സമീപത്ത് എത്തിയപ്പോള്‍ താഴേക്കു വീഴുകയായിരുന്നു. കിണറ്റിലേക്ക് എന്തോ വീഴുന്ന ശബ്ദംകേട്ട് എല്ലാവരും കിണറിനരികിലെത്തി. കുട്ടി വീണതാന്ന് മനസിലായതോടെ സിറിള്‍ കിണറ്റിലേക്ക് എടുത്തുചാടി. 40 അടിയിലധികം താഴ്ച്ചയുള്ള കിണറാണ്. ഇതില്‍ പകുതിയോളം ഉയരത്തില്‍ വെള്ളമുണ്ട്. കുട്ടിയെ പിതാവ് സിറിള്‍ വാരിയെടുത്തെങ്കിലും കിണറിന്റെ പടവുകളിലൂടെ തിരിച്ച് കയറാന്‍ ആയില്ല. ഇതിനിടെ തോമസുകുട്ടി പടവുകളിലൂടെ കിണറിനുള്ളിലേക്ക് ഇറങ്ങി. വെള്ളത്തില്‍ കുട്ടിയുമായി പിടിച്ചു നില്‍ക്കാനാവാതെ മുങ്ങിപ്പോകുമായിരുന്ന സിറിളിന്റെ കൈയ്യില്‍നിന്ന് കുട്ടിയെ തിരികെ വാങ്ങി. സിറിളിനെ കിണറ്റിലുണ്ടായിരുന്ന മോട്ടോറിന്റെ പൈപ്പിലും കയറിലുമായി പിടിപ്പിച്ചു നിര്‍ത്തി. സമീപത്ത് കെട്ടിട നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളിയായ കൂത്താട്ടുകുളം വെള്ളാപ്പള്ളിക്കുന്നേല്‍ വി.എം. മാത്യുവും കിണറ്റിനുള്ളിലിറങ്ങി. തുടര്‍ന്ന് മാത്യുവിന് കുട്ടിയെ കൈമാറി. തുടര്‍ന്ന് ഞാന്‍ രണ്ട് പടവുകള്‍ കൂടി ഉയരത്തിലേക്ക് കയറി വീണ്ടും കുട്ടിയെ വാങ്ങിച്ചെങ്കിലും താഴേക്കിറങ്ങിയ മാത്യുവിന് വീണ്ടും മുകളിലേക്ക് കയറാനായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി നെറ്റിന്റെ കുട്ടയിലൂടെ ആദ്യം കുഞ്ഞിനെ കരയ്ക്ക് കയറ്റി. പിന്നീട് തോമസുകുട്ടിയടക്കമുള്ളവര്‍ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ കിണറിനു പുറത്തെത്തുകയായിരുന്നു. വീട്ടിലെയും സുഹൃത്തുക്കളുടെയുമെല്ലാം വീടുകളിലെ കിണര്‍ വൃത്തിയാക്കാനായി ഇറങ്ങിയിട്ടുള്ള പരിചമുള്ളത് തുണയായെന്നും തോമസ്‌കുട്ടി പറയുന്നു. ഏഴ് വര്‍ഷം മുമ്പ് പാളത്തിന് സമീപത്ത് കൂടെ നടന്നു പോവുകയായിരുന്ന ഇരവിമംഗലം സ്വദേശി ഓമനയെ മെമു ട്രെയിന്‍തട്ടി പരിക്കേറ്റപ്പോഴും രക്ഷാപ്രവര്‍നം നടത്തിയിട്ടുണ്ട് തോമസ് കുട്ടി. വീട്ടമ്മയുടെ ഒടിഞ്ഞ കൈകള്‍ കെട്ടിവെച്ച് ഒട്ടോറിക്ഷയില്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചതിനാല്‍ നഷ്ടപ്പെട്ടു പോകുമായിരുന്ന ഇവരുടെ കൈകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ സാധിച്ചു. ഒന്നരവര്‍ഷം മുമ്പ് ട്രെയിനില്‍നിന്നു വീണ് കാല്‍ നഷ്ടപ്പെട്ട ആസാം സ്വദേശിയെ യഥാസമയം ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കാനും കഴിഞ്ഞിട്ടുണ്ട്. ഫിലിം മേക്കിംഗ് പഠിച്ചശേഷം നിരവധി ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പിന്നീട് സുഹൃത്ത് വഴി സിനിമാരംഗത്തേക്ക് കടന്നു. ഉടന്‍ പുറത്തിറങ്ങുന്ന സലാം ബുഹാരി സംവിധാനം ചെയ്യുന്ന ഉടുമ്പന്‍ചോല മിഷന്‍ എന്ന സിനിമയുടെ സഹസംവിധായകനായി പ്രവര്‍ത്തിക്കുകയാണ്. സിപിഎം മാഞ്ഞൂര്‍ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമാണ്. മന്ത്രി വി.എന്‍. വാസവന്‍ ഉള്‍പെടെയുള്ള ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും തോമസുകുട്ടിയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. 24-ന് ഇരവിമംഗലത്തും 25-ന് കുറുപ്പന്തറയിലും പൗരാവലിയുടെ നേതൃത്വത്തില്‍ തോമസുകുട്ടിയെ ആദരിക്കാനും തീരുമാനിച്ചിട്ടുണ്ട്.














