2025 ആഗസ്റ്റ് 11 തിങ്കൾ 1199 കർക്കടകം 26
വാർത്തകൾ
👉🗞️ വോട്ട് ക്രമക്കേട് ആരോപണം; രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് കർണാടക തിരഞ്ഞെടുപ്പ് കമ്മിഷൻ
വോട്ട് ക്രമക്കേട് ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്. ശകുൻ റാണി രണ്ട് തവണ വോട്ട് ചെയ്തെന്ന ആരോപണത്തിന് തെളിവെന്തെന്ന് കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ. രാഹുൽ തെളിവുകൾ ഹാജരാക്കണമെന്നും നോട്ടിസിൽ. ഡിജിറ്റൽ വോട്ടർ റോൾ ആർക്കും വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. രാഹുൽ ഗാന്ധിയുടെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു. ശകുന്‍ റാണിയുടെ പേരില്‍ രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുണ്ടെന്നും രണ്ടിടത്ത് വോട്ട് ചെയ്തതായുമാണ് രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നത്. ഇതിന് തെളിവ് പുറത്തുവിട്ടുകൊണ്ടായിരുന്നു രാഹൽ ഗാന്ധി വാർത്താസമ്മേളനം നടത്തിയത്. തുടര്‍ നടപടികള്‍ക്കായി തെളിവുകള്‍ ഹാജരാക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസില്‍ പറയുന്നത്. പുറത്തുവിട്ടത് കമ്മിഷന്റെ രേഖയല്ലെന്നും കര്‍ണാടക ചീഫ് ചീഫ് ഇലക്ടറൽ ഓഫീസർ പറയുന്നു.
👉🗞️ വോട്ടർ പട്ടിക ക്രമക്കേട് അന്വേഷിക്കാൻ കർണാടക സർക്കാർ
കർണാടകയിലെ വോട്ടർപട്ടിക ക്രമക്കേട് അന്വേഷിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ നിയമ വകുപ്പിനോട് അന്വേഷിക്കാനാണ് മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്. രാഹുൽ ഗാന്ധി ഏറ്റവും കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത് ബംഗളൂരിനെ കേന്ദ്രീകരിച്ചായിരുന്നു. ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലുണ്ടായ വോട്ട് മോഷണവുമായി ബന്ധപ്പെട്ട കണക്കുകളും രാഹുൽ ഗാന്ധി പുറത്തു വിട്ടിരുന്നു. ഒരു ലക്ഷത്തിലധികം കള്ളവോട്ട് അല്ലെങ്കിൽ വോട്ട്മോഷണം മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ നടന്നിട്ടുള്ളതെന്നും അദ്ദേഹം തെളിവുകൾ സഹിതം ആരോപിച്ചിരുന്നു.
👉🗞️ സാങ്കേതിക തകരാർ; എഫ്-35 വിമാനത്തിന് വീണ്ടും അടിയന്തിര ലാൻഡിങ്
സാങ്കേതിക തകരാറിനെ തുടർന്ന് യു. കെ. വിമാനത്തിന് വീണ്ടും അടിയന്തിര ലാൻഡിങ്. ജപ്പാനിലെ കഗോഷിമ വിമാനത്താവളത്തിലാണ് എഫ്-35 വിമാനം അടിയന്തര ലാൻഡിങ് ചെയ്തത്. ജപ്പാനും യുഎസും സംയുക്തമായി നടത്തിയ അഭ്യാസത്തിനിടെയാണ് എഫ്-35 അടിയന്തിര ലാൻഡിങ് നടത്തിയത്. പൈലറ്റ് സുരക്ഷിതനാണ്. കഗോഷിമ വിമാനത്താവളത്തിലെ ലാൻഡിംഗിന് ശേഷം, വിമാനത്താവളം ഏകദേശം 20 മിനിറ്റ് നേരത്തേക്ക് റൺവേ അടച്ചിരുന്നു. തുടർന്ന് വിമാനം റൺവേയിൽ നിന്ന് ടാക്സിവേയിലേക്ക് മാറ്റി സുരക്ഷാ പരിശോധനകൾ നടത്തി.
👉🗞️ മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു; തറക്കല്ലിട്ട് മന്ത്രി വി ശിവൻകുട്ടി
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീട് യാഥാർഥ്യമാകുന്നു.1000 സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള വീടിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തറക്കല്ലിട്ടു. മൂന്നര മാസം കൊണ്ട് വീടിൻ്റെ നിർമാണം പൂർത്തിയാക്കുമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സിൻ്റെ മേൽനോട്ടത്തിലാണ് വീടിൻ്റെ നിർമാണം. 20 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന വീടിൻ്റെ നിർമാണം സമയബന്ധിതമായി ചെയ്‌ത് തീർക്കുമെന്നും മന്ത്രി വ്യക്തമാക്കി.
👉🗞️ പാലക്കാട് കത്തിക്കുത്ത്; നാല് പേർക്ക് കുത്തേറ്റു
പാലക്കാട് കൽപ്പാത്തിയിൽ കത്തിക്കുത്ത്. പെൺ സുഹൃത്തിനെ ശല്യം ചെയ്തെന്ന് ആരോപിച്ച് ആൺസുഹൃത്തും കൂട്ടുകാരുമാണ് നാലു പേരെ കുത്തി പരുക്കേൽപ്പിച്ചത്. നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് 5.30ഓടെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. കൽപ്പാത്തി വിശ്വനാഥ ക്ഷേത്രത്തിന്റെ മുൻപിൽ വെച്ചായിരുന്നു ആക്രമണം. നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












