
പൗരോഹിത്യ പരിശീലനരംഗത്തും, അജപാലന മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പരിശീലനരംഗത്തും സഭാചരിത്രപഠനം ഗൗരവമായി എടുക്കേണ്ടത് പ്രധാനപെട്ടതാണെന്നു ഫ്രാൻസിസ് പാപ്പ.

പരിശുദ്ധ കന്യകാമറിയത്തിന്റെ കാഴ്ചവെയ്പ്പു തിരുനാൾ ദിനമായ ഇന്നലെ നവംബർ ഇരുപത്തിയൊന്നിന് നൽകിയ തുറന്ന കത്തിലൂടെയാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയോ, ഇന്റർനെറ്റിലൂടെയോ ഉള്ള ഉപരിപ്ലവമായ പഠനം മാത്രം പോരെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

പൗരോഹിത്യ പരിശീലനരംഗത്ത് കഴിഞ്ഞ ഇരുപത് നൂറ്റാണ്ടുകളുടെ സഭാചരിത്രം പഠിപ്പിക്കുന്നുണ്ടെന്നത് ശരിയാണെങ്കിലും, സഭയുടെ മാനവികതയുടെ ചരിത്രപരമായ വശം ഈ രംഗത്തുള്ളവർ കൂടുതൽ വ്യക്തമായി അറിഞ്ഞിരിക്കണമെന്ന് പാപ്പ ഉദ്‌ബോധിപ്പിച്ചു. മുൻതലമുറകളുമായി ബന്ധപ്പെടാതെ,

നാളെകളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാൻ സാധിക്കില്ല. ഇത് വ്യക്തികളുടെ മാത്രമല്ല, സമൂഹങ്ങളുടെ കാര്യത്തിലും ബാധകമാണെന്ന് പാപ്പ കൂട്ടിച്ചേർത്തു. ചരിത്രത്തിന്റെ ചില ഭാഗങ്ങളെ അവഗണിച്ചും, തങ്ങളുടെ ഇഷ്ടമനുസരിച്ച് അതിനെ വ്യാഖ്യാനിച്ചുമുള്ള ചരിത്രപഠനത്തിലെ തെറ്റ് പാപ്പ പ്രത്യേകം ചൂണ്ടിക്കാട്ടി.














