തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ എൽ.പി.എസ്.ടി (ലോവർ പ്രൈമറി സ്കൂൾ ടീച്ചർ) ഉദ്യോഗാർത്ഥികൾ നടത്തിവരുന്ന സമരം ഒത്തുതീർപ്പാക്കാൻ സംസ്ഥാന സർക്കാർ നീക്കം തുടങ്ങി. ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങളും ഒത്തുതീർപ്പ് വ്യവസ്ഥകളും നാളെ (ബുധൻ) രാവിലെ എട്ട് മണിക്ക് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യും. മന്ത്രിസഭാ യോഗത്തിലെ തീരുമാനത്തിന് ശേഷം വിദ്യാഭ്യാസ മന്ത്രി സമരക്കാരുമായി ചർച്ച നടത്താനാണ് സാധ്യത.
അധ്യാപക-വിദ്യാർത്ഥി അനുപാതം 1:25 ആക്കി കുറയ്ക്കണമെന്ന ഉദ്യോഗാർത്ഥികളുടെ പ്രധാന ആവശ്യത്തിൽ പരിഹാരം കാണാനായി വിവിധ പാക്കേജുകളാണ് സർക്കാർ പരിഗണിക്കുന്നത്. നിലവിലുള്ള 1:30 എന്ന അനുപാതം കുറയ്ക്കുന്നത് സർക്കാർ സ്കൂളുകളിൽ മാത്രമായി പരിമിതപ്പെടുത്താൻ കഴിയുമോ എന്നതാണ് പ്രധാനമായും ആലോചിക്കുന്നത്. ഇത്തരത്തിൽ ഇളവ് നൽകിയാലുണ്ടാകുന്ന സാമ്പത്തിക ബാധ്യത സംബന്ധിച്ച് ധനവകുപ്പിന്റെ അഭിപ്രായം തേടും.
2017-ൽ ഹൈസ്കൂൾ അധ്യാപകരുടെ അനുപാതം ഒരു വർഷത്തേക്ക് 1:45-ൽ നിന്ന് 1:40 ആക്കി കുറച്ചിരുന്നു. സമാനമായ രീതിയിൽ ഒന്നോ രണ്ടോ വർഷത്തേക്ക് മാത്രം പരിമിതപ്പെടുത്തി എൽ.പി.എസ്.ടി തസ്തികയിലും ഇളവ് നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. ഈ നിർദ്ദേശങ്ങൾ അംഗീകരിക്കപ്പെട്ടാൽ സമരം അവസാനിക്കുമെന്നാണ് പ്രതീക്ഷ.
എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം 133 ദിവസം പിന്നിട്ടിരിക്കുകയാണ്. സമരസമിതി സെക്രട്ടറി എസ്. വളർമതിയുടെ നിരാഹാര സമരം 22-ാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വളർമതി നിരാഹാര സമരം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സമരം വേഗത്തിൽ തീർപ്പാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് തിരക്കിട്ട നീക്കങ്ങളുണ്ടാകുന്നത്.















