ന്യൂഡൽഹി: ഗോതമ്പ്, ആട്ട, മൈദ, റവ എന്നിവയുടെ വിദേശത്തേക്കുള്ള കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം കേന്ദ്ര സർക്കാർ അടിയന്തര പ്രാബല്യത്തോടെ പിൻവലിച്ചു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കയറ്റുമതി നയം ‘നിരോധിതം’ എന്നതിൽ നിന്നും ‘സ്വതന്ത്രം’ (Free) എന്നതിലേക്ക് മാറ്റിക്കൊണ്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) ഉത്തരവിറക്കിയത്.
ആഭ്യന്തര വിപണിയിലെ വിലയിടിവും റെക്കോർഡ് ഉത്പാദനവും ആവശ്യത്തിന് കരുതല ശേഖരവുമുള്ളത് കണക്കിലെടുത്താണ് തീരുമാനം. ലോകത്തിലെ രണ്ടാമത്തെ വലിയ ഗോതമ്പ് ഉത്പാദകരായ ഇന്ത്യ, 2022 മേയിലാണ് വിലക്കയറ്റം നിയന്ത്രിക്കാനായി കയറ്റുമതി തടഞ്ഞത്.
നേരത്തെ ക്വാട്ട അടിസ്ഥാനത്തിൽ നൽകിയ 60 ലക്ഷം ടൺ കയറ്റുമതി അനുമതിയിൽ 2.5 ലക്ഷം ടൺ മാത്രമാണ് വിദേശത്തേക്ക് അയച്ചിരുന്നത്. പുതിയ തീരുമാനത്തോടെ കർഷകർക്ക് മികച്ച വില ലഭിക്കുമെന്നും വരാനിരിക്കുന്ന റബി സീസണിൽ ഉത്പാദനം വർദ്ധിക്കുമെന്നും കേന്ദ്ര ഭക്ഷ്യ മന്ത്രാലയം വ്യക്തമാക്കി.
















