മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. ടിഎംസി സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു. വിമത നേതാക്കളുമായി ചന്ദ്രിമ കൂടിക്കാഴ്ച നടത്തി. കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനം വിമത വിഭാഗം പിടിച്ചെടുത്തു. ഓഫീസ് ബലപ്രയോഗത്തിലൂടെ കയ്യടക്കിയതായി
മമത വിഭാഗം പോലീസിൽ പരാതി നൽകി. തെരഞ്ഞെടുപ്പിന് ശേഷമുള്ള വിമത നീക്കത്തിനു ശേഷവും വിശ്വസ്തയായി തുടർന്ന ചന്ദ്രിമ ബട്ടാചാര്യയിൽ നിന്നും അപ്രതീക്ഷിത തിരിച്ചടിയാണ് മമതാ ബാനർജിക്ക് ലഭിച്ചത്.പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനം അടക്കം മുഴുവൻ പദവികളും
രാജിവച്ച ചന്ദ്രിമ വിമത നേതാക്കളുമായി ചർച്ച നടത്തി. വിമത നീക്കത്തിന് പിന്നാലെ നടന്ന പുനസംഘടനയിലാണ് ചന്ദ്രിമ ബട്ടാചാര്യയെ പാർട്ടി സംസ്ഥാന അധ്യക്ഷയാക്കിയത്.തൃണമൂൽ സംസ്ഥാന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ എം ബൈപ്പാസിലെ മെട്രോപൊളിറ്റൻ ഓഫീസ് ഋത ബ്രത ബാനർജിയുടെ നേതൃത്വത്തിൽ വിമത നേതാക്കൾ പിടിച്ചെടുത്തു.















