തമിഴ് നാട്ടില്‍ തരംഗം സൃഷ്ടിച്ചെങ്കിലും കേവലഭൂരിപക്ഷത്തിലേയ്ക്ക് എത്താന്‍ വിജയുടെ തമിഴക വെട്രി കഴകത്തിന് ഇനിയും സാധിച്ചിട്ടില്ല. 108 സീറ്റുകളാണ് ടിവികെ നേടിയത്. രണ്ടുമുന്നണികളിലെയും ചില പാര്‍ട്ടികളെ ഒപ്പം കൂട്ടി, കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള ശ്രമത്തിലാണ് വിജയ്. കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നാണ് സൂചന.
ആരെയെങ്കിലും കൂടെക്കൂട്ടി വേണം മുഖ്യമന്ത്രി കസേരയിലേയ്ക്ക് വിജയ്ക്ക് നടന്നുകയറാന്‍. ടിവികെയുമായി സഖ്യത്തിന് തുടക്കം മുതല്‍ തന്നെ ശ്രമിച്ച കോണ്‍ഗ്രസിന് തന്നെയാണ് ടിവികെ നല്കുന്ന പ്രഥമ പരിഗണനയെന്നാണ് സൂചന. ഡിഎംകെ സഖ്യത്തില്‍ 28 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് അഞ്ച് സീറ്റുകളില്‍ വിജയിച്ചു.
തമിഴ് നാട്ടില്‍ ഒരിയ്ക്കലും ലഭിയ്ക്കാന്‍ ഇടയില്ലാത്ത മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താല്‍ ഒരുപക്ഷെ കോണ്‍ഗ്രസ് ടിവികെ സഖ്യത്തിന് തയ്യാറായേക്കും. കൂടാതെ, ഡിഎംകെ സഖ്യത്തിലെ തന്നെ മുസ്ലിം ലീഗിനെയും വിടുതലൈ സിരുത്തൈകള്‍ കക്ഷിയെയും ടിവികെ നോട്ടമിടുന്നുണ്ട്. രണ്ടു സീറ്റുകള്‍ വീതമാണ് ഇരുപാര്‍ട്ടികള്‍ക്കുമുള്ളത്.















