രാമപുരം: വിഷമഘട്ടങ്ങളിൽ ഒപ്പം നിൽക്കുന്നവനാണ് യഥാർത്ഥ സ്നേഹിതൻ എന്നും, അത്തരമൊരു സ്നേഹിതനാകാൻ രക്തദാനം പോലുള്ള മഹത്തായ സേവന പ്രവർത്തനങ്ങളിൽ പങ്കെടുക്കേണ്ടതുണ്ടെന്നും ഡേവിസ് ചിറമേൽ പറഞ്ഞു. രാമപുരം മാർ ആഗസ്തീനോസ് കോളേജ് സംഘടിപ്പിച്ച രക്തദാതാക്കളെ ആദരിക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നമ്മൾ എന്തെല്ലാം നേടിയെടുക്കുന്നു എന്നതല്ല, നമ്മുടെ വഴിയിലൂടെ മറ്റൊരാൾ എന്ത് നേടിയെടുക്കുന്നു എന്നതാണ് പ്രധാനം. മനുഷ്യൻ ഒരു അത്ഭുതമാണ്. സ്വയം അറിയുക, സ്വയം തിരുത്തുക, പോസിറ്റീവ് ആയി നിലകൊള്ളുക,” എന്ന സന്ദേശവും അദ്ദേഹം പങ്കുവച്ചു. രക്തദാനം ജീവൻ രക്ഷിക്കുന്ന മഹത്തായ കാരുണ്യ പ്രവർത്തനമാണെന്നും, സമൂഹത്തിൽ പരസ്പര സഹായ മനോഭാവം വളർത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവതലമുറ സമൂഹസേവന രംഗത്ത് കൂടുതൽ സജീവമാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കഴിഞ്ഞ അധ്യയന വർഷം വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ചേർന്ന് ഏകദേശം 200ഓളം രക്തദാനങ്ങളാണ് നടത്തിയത്. രാമപുരത്തും പരിസര പ്രദേശങ്ങളിലുമുള്ള അനേകം ജീവനുകൾക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ തുണയായ ഈ കൂട്ടായ്മയ്ക്ക് അഭിനന്ദനങ്ങളോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്. രക്തദാന രംഗത്ത് സജീവമായി പ്രവർത്തിച്ച നൂറോളം വിദ്യാർത്ഥികളെയും സ്റ്റാഫ് അംഗങ്ങളെയും മെഡലും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.
ചടങ്ങിൽ കോളേജ് മാനേജർ ഫാ. ബെർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ ആമുഖ പ്രഭാഷണം നടത്തി. കോളേജ് മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.
ഇതിനോടൊപ്പം സർവകലാശാല പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു. അവർക്കു സർട്ടിഫിക്കറ്റുകളും സ്കോളർഷിപ്പുകളും വിതരണം ചെയ്തു. സമൂഹസേവനവും അക്കാദമിക മികവും ഒരുപോലെ കൈവരിക്കുന്ന വിദ്യാഭ്യാസ സംസ്കാരത്തിന് മാർ ആഗസ്തീനോസ് കോളേജ് വീണ്ടും മാതൃകയായി.













