ജന്തര്‍മന്തറിലെ പെല്ലറ്റ് ആക്രമണത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥിക്ക് കാഴ്ച നഷ്ടമായി. വിദ്യാർത്ഥിക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ പരാതി നൽകാനെത്തി രാഹുൽ ഗാന്ധി. പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് രാഹുല്‍ എത്തിയത്. ഡിസിപിയുമായി കൂടിക്കാഴ്ച നടത്തി. പെല്ലറ്റ് ഗൺ പ്രയോഗിച്ച
പൊലീസിനെതിരേ പരാതി കൊടുക്കാനായിരുന്നു നീക്കം. എന്നാൽ കേസെടുക്കാൻ പൊലീസ് തയ്യാറാകാതിരുന്നതോടെ സ്റ്റേഷന് മുന്നിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രതിഷേധം ആരംഭിച്ചു. നേരത്തെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലേക്ക് പോയെങ്കിലും പൊലീസ് കേസെടുക്കാൻ കൂട്ടാക്കിയില്ല. തുടർന്നാണ് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി ഡിസിപിയുമായി ചർച്ച നടത്തിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നില്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ തുടരുമെന്ന് രാഹുൽ നേരത്തെ തന്നെ അറിയിച്ചിരുന്നു.സാഹില്‍ ലോച്ചവ് എന്ന വിദ്യാര്‍ഥിയെകൂട്ടിയാണ് രാഹുൽ എത്തിയത്.
















