പത്മശ്രീ മൂഴിക്കൽ പങ്കജാക്ഷിയമ്മയുടെ വിയോഗം കേരളത്തിന്റെ തനത് കലാപൈതൃകത്തിന് വലിയ നഷ്ടമാണെന്ന് ടൂറിസം, സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് അനുശോചന കുറിപ്പിൽ അഭിപ്രായപ്പെട്ടു.
ഓണംതുള്ളൽ എന്ന ജനകീയ കലാരൂപത്തെ സവിശേഷമായ കലാസങ്കേതങ്ങളിലൂടെ നവീകരിച്ച്, ലോകത്ത് സമാനതകളില്ലാത്ത ‘നോക്കുവിദ്യ’ എന്ന പാവക്കളിയെ ആഗോള ശ്രദ്ധയിലേക്ക് ഉയർത്തിക്കൊണ്ടുവന്ന കലാകാരിയായിരുന്നു അവർ. വടിപ്പാവകളി, നൂൽപ്പാവകളി, കൈയുറപ്പാവകളി എന്നിവയുടെ സവിശേഷ സമ്മിശ്രാവിഷ്‌കാരമായ നോക്കുവിദ്യയെ, അത്യന്തം ശ്രമകരമായ അവതരണശൈലിയിലൂടെ അവർ ജീവിക്കുന്ന പൈതൃകമാക്കി മാറ്റി. കേരളത്തിന്റെ നാടൻ കലാസമ്പത്തിന് അവർ നൽകിയ സംഭാവന അനന്യമാണ്.
ഈ അപൂർവ കലാരൂപത്തെ ലോകത്തിന് പരിചയപ്പെടുത്തിയ അവരുടെ സമഗ്ര സംഭാവനകളെ രാജ്യം പത്മശ്രീ ഉൾപ്പെടെയുള്ള ഉയർന്ന ബഹുമതികളിലൂടെ ആദരിച്ചു.
മൂഴിക്കൽ പങ്കജാക്ഷിയമ്മയുടെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും ശിഷ്യരുടെയും കലാസ്നേഹികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മന്ത്രി പറഞ്ഞു.















