ലോകമെമ്പാടും ദൈവവിളികളിൽ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലും അസാധാരണമായ വളർച്ചയുമായി വിയറ്റ്നാം കത്തോലിക്കാ സഭ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ജനുവരിയിൽ മാത്രം 76 വൈദിക വിദ്യാർത്ഥികളാണ് വൈദിക പരിശീലനത്തിന്റെ അവസാന ഘട്ടമായ ഡീക്കൻ പട്ടം സ്വീകരിച്ചത്. ഇതിൽ അഞ്ചുപേർ രൂപതകളിൽ നിന്നുള്ളവരും ബാക്കി 71 പേർ വിവിധ സന്യാസ സമൂഹങ്ങളിൽ നിന്നുള്ളവരുമാണ്.
ഏഷ്യൻ സഭയുടെ “ദൈവവിളി ഭണ്ഡാരം” എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിയറ്റ്നാമിൽ നിലവിൽ 11 പ്രധാന സെമിനാരികളിലായി നൂറുകണക്കിന് വൈദികരാണ് ഓരോ വർഷവും പരിശീലനം പൂർത്തിയാക്കുന്നത്. ഏകദേശം 70 ലക്ഷത്തോളം വരുന്ന വിശ്വാസികൾക്കായി 6,000 വൈദികരും 31,000 സന്യാസിമാരും രാജ്യത്ത് സേവനം ചെയ്യുന്നുണ്ട്.
2026: മിഷനറി വർഷം “ഓരോ ക്രിസ്ത്യാനിയും ഒരു മിഷണറി ശിഷ്യൻ” എന്ന ആപ്തവാക്യവുമായി 2026-നെ മിഷണറി വർഷമായി ആചരിക്കാനൊരുങ്ങുകയാണ് വിയറ്റ്നാം ബിഷപ്പുമാരുടെ കൗൺസിൽ. സ്വന്തം രാജ്യത്ത് മാത്രമല്ല, മംഗോളിയ, ലാവോസ്, കംബോഡിയ തുടങ്ങിയ അയൽരാജ്യങ്ങളിലെ ദരിദ്ര മേഖലകളിലേക്കും പുതിയ വൈദികരെ മിഷനറിമാരായി അയക്കാൻ വിയറ്റ്നാം സഭ പ്രത്യേക ശ്രദ്ധ നൽകുന്നു.












