പൂരനഗരിയായ തൃശൂരില്‍ കലാപൂരത്തിന് തിരിതെളിഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. അഞ്ച് നാള്‍ നീണ്ടുനില്‍ക്കുന്ന കൗമാര കലാ സംഗമത്തില്‍ 25 വേദികളിലായി പതിനയ്യായിരത്തോളം വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും.
കലയാണ് മതംമെന്നും കലാകാരന്മാരെ മതത്തിന്റെ കണ്ണിലൂടെ കാണരുതെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വലിയ കലാകാരന്മാര്‍ക്ക് പോലും പലപ്പോഴും ജാതിയും മതവും വെല്ലുവിളി തീര്‍ത്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി കലാമണ്ഡലം ഹൈദരാലിക്കുണ്ടായ
അനുഭവം ഓര്‍മിപ്പിച്ചു. ദൈവത്തിന്റെ പാട്ടുകളാണ് കഥകളി പദങ്ങളായി അദ്ദേഹം പാടിയിരുന്നത്. നല്ല ഭക്തനുമായിരുന്നു. തന്റേതല്ലാത്ത കാരണത്താല്‍ മറ്റൊരു മതത്തില്‍ പിറന്നതിനാല്‍ അപമാനിതനാകുന്നത്. അത് ജനാധിപത്യത്തില്‍ ചേര്‍ന്നതല്ല – അദ്ദേഹം പറഞ്ഞു.












