പുതുവർഷാരംഭത്തിലും ചൈനയിൽ ക്രൈസ്തവ വിശ്വാസികൾക്ക് നേരെയുള്ള ഭരണകൂടത്തിന്റെ കിരാത നടപടികൾക്ക് അറുതിയില്ല. ഭവനങ്ങളിൽ പ്രാർത്ഥനാ കൂട്ടായ്മകൾ നടത്തുന്നവരെയും ഭൂഗർഭ പ്രൊട്ടസ്റ്റന്റ് വിശ്വാസികളെയും ലക്ഷ്യം വെച്ച് ചൈനീസ് പോലീസ് വ്യാപകമായ അറസ്റ്റും റെയ്ഡും തുടരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച സിചുവാൻ പ്രവിശ്യയിലെ ചെങ്ഡു ആസ്ഥാനമായി
പ്രവർത്തിക്കുന്ന ‘ഏർലി റെയിൻ കവനന്റ്’ ചർച്ചിലെ അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. 2018 മുതൽ ജയിലിൽ കഴിയുന്ന സഭാ നേതാവ് വാങ് യിയുടെ പകരക്കാരനായി ചുമതലയേറ്റ ലി യിങ്ക്വിയാങ്ങിന്റെ ഡെയാങ്ങിലെ വീട്ടിൽ പോലീസ് അപ്രതീക്ഷിത റെയ്ഡ് നടത്തി. ഇതിന് പിന്നാലെ ലി യിങ്ക്വിയാങ്ങിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രമുഖ ക്രൈസ്തവ നേതാക്കളായ ഡായ് സിച്ചാവോ, യെ ഫെങ്ഹുവ, യാൻ ഹോങ്, സെങ് ക്വിങ്ടാവോ എന്നിവരെയും വിവിധ ഇടങ്ങളിൽ നിന്നായി പോലീസ് പിടികൂടിയിട്ടുണ്ട്.












