2025 ഡിസംബർ 22 തിങ്കൾ 1199 ധനു 07
വാർത്തകൾ
🗞️👉 അക്കരെ അക്കരെ ഓർമത്തിരയിലേക്ക് ശ്രീനിവാസൻ
മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന് കണ്ണീരോടെ വിട നൽകി സാംസ്കാരിക കേരളം.നിറചിരിബാക്കിയാക്കി ശ്രീനിവാസൻ മടങ്ങി. മൃതദേഹം തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. നിറമിഴികളോടെ അന്ത്യയാത്രയ്ക്ക് സാക്ഷിയായി നിരവധിയാളുകളാണ് കണ്ടനാട്ടെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. വിടവാങ്ങിയത് മലയാള സിനിമയിലെ പകരം വെയ്ക്കാനില്ലാത്ത ബഹുമുഖ പ്രതിഭ.
🗞️👉 തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; വിബി- ജി റാം ജി ബില്ല് നിയമമായി
തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി, കേന്ദ്രം കൊണ്ടുവന്ന വിബിജി റാം ജി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഇതോടെ ബില്ല് നിയമമായി മാറി .കഴിഞ്ഞ ആഴ്ചയാണ് ബില്ല് പാർലമെന്റ് പാസാക്കിയത്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായാണ് ബില്ല്. ബിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷം സഭയിൽ നിലപാടെടുത്തപ്പോൾ പ്രതിപക്ഷ നിലപാടുകളെ നിശിതമായി വിമർശിച്ചുകൊണ്ട് ശബ്ദ വോട്ടോകൂടിയാണ് വി ബി ജി റാം ജി (വികസിത് ഭാരത് -ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന് (ഗ്രാമീണ്‍) ബില്‍ പാര്‍ലമെന്റ് പാസ്സാക്കിയത്. മഹാത്മാഗാന്ധിയുടെ പേരിലുള്ള പഴയ ബില്‍ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചുള്ള പ്രതിപക്ഷ ഇറങ്ങിപ്പോക്കിനിടെയാണ്, രാജ്യസഭ ബില്ലിന് അംഗീകാരം നല്‍കിയത്.
🗞️👉 തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവിക്ക് കാരണം സംഘടനാ വീഴ്ച: CPIM ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം
തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവിക്ക് കാരണം സംഘടനാ വീഴ്ചയെന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം. ചുമതലപ്പെടുത്തിയവർ ഉത്തരവാദിത്വം നിർവഹിച്ചില്ല. പല വാർഡുകളും ജയിച്ചെന്ന് പ്രതീതിയുണ്ടാക്കി പ്രവർത്തനം ഉഴപ്പിയെന്നും വിമർശനം. പലയിടങ്ങളിലും അമിതമായ ആത്മവിശ്വാസം ഉണ്ടായെന്നും പാർട്ടി വിലയിരുത്തി.
🗞️👉 പെരിന്തൽമണ്ണയിൽ ഇന്ന് UDF ഹർത്താൽ
മലപ്പുറം പെരുന്തൽമണ്ണയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. സിപിഐഎം-മുസ്ലിം ലീഗ് സംഘർഷത്തിനിടെ, ലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായതിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. കോഴിക്കോട് റോഡിലുള്ള ലീഗ് ഓഫീസിനും നേരെയാണ് കല്ലേറ് ഉണ്ടായത്. സംഭവത്തിൽ നജീബ് കാന്തപുരം എം.എൽ.എയുടെ നേതൃത്വത്തിൽ മുസ്ലീം ലീഗ് പ്രവർത്തകർ പെരിന്തൽമണ്ണയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു.
🗞️👉 ഓഫീസുകൾക്ക് നേരെ കല്ലേറ്; പെരിന്തൽമണ്ണയിൽ സിപിഐഎം- ലീഗ് സംഘർഷം
മലപ്പുറം പെരിന്തൽമണ്ണയിൽ സിപിഐഎം-മുസ്ലിം ലീഗ് ഓഫീസുകൾക്ക് നേരെ കല്ലേറ്. പട്ടാമ്പി റോഡിലെ സിപിഐഎം ഓഫീസിനും കോഴിക്കോട് റോഡിലുള്ള ലീഗ് ഓഫീസിനും നേരെയാണ് കല്ലേറ്. സംഭവത്തിൽ നജീബ് കാന്തപുരം എം.എൽ.എയുടെ നേതൃത്വത്തിൽ മുസ്ലീം ലീഗ് പ്രവർത്തകർ പെരിന്തൽമണ്ണയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്
🗞️👉 തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് മത്സരിക്കാൻ സിപിഐഎം
തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനത്തേക്ക് മത്സരിക്കാൻ
സിപിഐഎം. ആർ പി ശിവജി മേയർ സ്ഥാനാർഥിയാകും. മത്സരിക്കാതെ മാറി നിൽക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് തീരുമാനം. ഇതിനിടെ മേയർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് യുഡിഎഫും അറിയിച്ചു. സ്ഥാനാർത്ഥിയെ 24 ന് തീരുമാനിക്കും. 24 ന് കൗൺസിലർമാരുടെ യോഗത്തിലാണ് സ്ഥാനാർഥിയെ തീരുമാനിക്കുക.
🗞️👉 പത്ത് വർഷത്തിനിടെ കീഴടങ്ങിയത് 8,722 മാവോയിസ്റ്റുകൾ; 509 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്ത് 8,722 മാവോയിസ്റ്റുകൾ കീഴടങ്ങിയെന്ന് കേന്ദ്രസർക്കാർ. 509 സുരക്ഷാ ഉദ്യോഗസ്ഥരും 1,511 സാധാരണ ജനങ്ങളും ഇക്കാലയളവിൽ മാവോയിസ്റ്റ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ പത്ത് വർഷത്തിനിടെ സുരക്ഷാസേന വധിച്ച മാവോയിസ്റ്റുകളുടെ കണക്ക് കേന്ദ്ര സർക്കാർ പുറത്തുവിട്ടില്ല. രാജ്യത്ത് മാവോയിസ്റ്റ് സാന്നിധ്യം ഉള്ളത് കേരളം ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങളിൽ. ഛത്തീസ്ഗഡും ജാർഖണ്ഡും ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ ശക്തമായ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. പത്തു വർഷത്തിനിടെ ഏറ്റവും കൂടുതൽ മാവോസ്റ്റുകൾ കീഴടങ്ങിയതും, സുരക്ഷാ ജീവനക്കാരും ജനങ്ങളും കൊല്ലപ്പെട്ടതും ഛത്തീസ്ഗഡിലാണ്. 6193 മാവോയിസ്റ്റുകൾ കീഴടങ്ങി, 381 സുരക്ഷാ ജീവനക്കാരും 748 സാധാരണ ജനങ്ങളും ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടു.
🗞️👉 കൊല്ലത്ത് പൊലീസ് സ്റ്റേഷനിൽ കയറി എസ്ഐയെ ഭീഷണിപ്പെടുത്തി
പൊലീസ് സ്റ്റേഷനിൽ കയറി ‘അവലും മലരും’ മേശപ്പുറത്ത് വെച്ച് സിപിഐഎം നേതാവിന്റെ ഭീഷണി. കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനിലാണ് സംഭവം. സിപിഐഎം ഏരിയ കമ്മിറ്റി അംഗവും മുൻ കൗൺസിലറുമായ സജീവും കൂട്ടരുമാണ് എസ്ഐക്ക് നേരെ ഭീഷണി മുഴക്കിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. എസ്ഐയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നാണ് എഫ്ഐആർ. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ആക്സിഡന്റ് കേസുമായി ബന്ധപ്പെട്ട് സജീവിന്റെ വാഹനം പിടിച്ചതാണ് പ്രകോപനത്തിന് കാരണം. പ്രതികൾ ഏറെ നേരം സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
പള്ളിമുക്ക് ഡിവിഷൻ മുൻ കൗൺസിലറാണ് സജീവ്.
🗞️👉 ജെ.എം.എ (JMA) സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു; ബി. ത്രിലോചനൻ പ്രസിഡന്റ്, റോബിൻസൺ ക്രിസ്റ്റഫർ ജനറൽ സെക്രട്ടറി
തിരുവനന്തപുരം: ജേർണലിസ്റ്റ് & മീഡിയ അസോസിയേഷന്റെ (JMA) കേരള സംസ്ഥാന ജനറൽ ബോഡി യോഗം തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ വെച്ച് ചേർന്നു. സംഘടനയുടെ ദേശീയ പ്രസിഡന്റ് ശ്രീ. വൈശാഖ് സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകർ നേരിടുന്ന അവകാശ ലംഘനങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പോരാടേണ്ടതിന്റെ ആവശ്യകത ഉദ്ഘാടന പ്രസംഗത്തിൽ ദേശീയ പ്രസിഡന്റ് ചൂണ്ടിക്കാട്ടി. തുടർന്ന് 2025-2027 കാലയളവിലേക്കുള്ള പുതിയ സംസ്ഥാന ഭരണസമിതിയെ ദേശീയ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ നടന്ന യോഗം ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.












