പാലാ :കർഷകന്റെ പ്രവർത്തികളെ അവജ്ഞയോടെ കാണുന്നവൻ മനുഷ്യൻ എന്ന പേരിനു പോലും യോഗ്യരല്ല എന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് . കത്തോലിക്ക കോൺഗ്രസ് പാലാ രൂപത സമിതി നടത്തിയ പതിനൊന്നാമത് അടുക്കളത്തോട്ട മത്സരത്തിന്റെ വിജയികൾക്ക് അവാർഡ് ദാനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷി മനുഷ്യർക്ക് ഊർജം നൽകുന്ന ഇന്ധനമാണ്. കർഷകർ സംസ്കാരത്തിന്റെയും പുരോഗതിയുടെയും സ്ഥാപകരാണ്. വിദേശികൾ പഴയകാലത്ത് ഇന്ത്യയെ തേടി വന്നത് ഇവിടുത്തെ കാർഷിക സമൃദ്ധി അറിഞ്ഞാണ്. സാങ്കേതിക വിദ്യ എത്ര പുരോഗമിച്ചാലും മനുഷ്യന് ഭക്ഷ്യ വസ്തുക്കൾ ഉണ്ടാകണമെങ്കിൽ കൃഷി തന്നെ ആവശ്യമാണ്. കൃഷിയില്ലാതെ മനുഷ്യർക്ക് നിലനിൽപ്പില്ല.
കേരളത്തിൽ ഏറ്റവും അധികം ആളുകൾ പങ്കെടുക്കുന്ന കാർഷിക മത്സരമാണ് പാലാ രൂപതയുടെ അടുക്കളത്തോട്ട മത്സരം 120 ഓളം ഇടവകകളിൽ നിന്നായി പതിനായിരത്തിൽ പരം കുടുംബങ്ങൾ ഈ മത്സരത്തിൽ പങ്കെടുക്കുന്നു. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളാണ് നൽകുന്നത്. രൂപതാ പ്രസിഡൻറ് ഇമ്മാനുവൽ നിധീരി അധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ ആമുഖപ്രഭാഷണം നടത്തി. കർഷകവേദി ചെയർമാൻ ടോമി കണ്ണീറ്റുമ്യാലിൽ വിജയികളെ പരിചയപ്പെടുത്തി.ഫാ. ജോർജ് മൂലേച്ചാലിൽ,ജോസ് വട്ടുകുളം, ആൻസമ്മ സാബു, എം എം ജേക്കബ്, ജോയി കണിപറമ്പിൽ , അഡ്വ. ജോൺസൺ വീട്ടിയാങ്കൽ, സിഎം ജോർജ്, പയസ് കവളംമാക്കൽ, സിന്ധു ജയിബു, സാബു പൂണ്ടികുളം , ബെന്നി കിണറ്റുകര, ജോബിൻ പുതിയടത്തു ചാലിൽ , എഡ്വിൻ പാമ്പാറ, ക്ലിൻ്റ് അരീപ്ലാക്കൽ, വി ടി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.












