2025 ഡിസംബർ 09 ചൊവ്വ 1199 വൃശ്ചികം 23
വാർത്തകൾ
🗞️👉 ‘പ്രശ്‌ന പരിഹാരത്തിനു കൂടുതല്‍ സമയം വേണം’; ഡിജിസിഎക്ക് മറുപടി നല്‍കി ഇന്‍ഡിഗോ
ഡിജിസിഎക്ക് മറുപടി നല്‍കി ഇന്‍ഡിഗോ. ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഇന്‍ഡിഗോ ഖേദം പ്രകടിപ്പിച്ചു. ഒന്നിലധികം പ്രശ്‌നങ്ങളുടെ ഫലമാണ് തടസങ്ങള്‍ക്ക് കാരണമെന്ന് കമ്പനി വ്യക്തമാക്കി. നിര്‍ഭാഗ്യകരവും പ്രവചനാതീതവുമായ പ്രശ്‌നം ആണ് ഉണ്ടായത്. പ്രശ്‌ന പരിഹാരത്തിനു കൂടുതല്‍ സമയം വേണമെന്ന് ഇന്‍ഡിഗോ അറിയിച്ചു.
ഇന്‍ഡിഗോ പ്രതിസന്ധിയില്‍ സിഇഒക്ക് കഴിഞ്ഞ ദിവസം ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. 24 മണിക്കൂറിനകം മറുപടി നല്‍കണം എന്നും പ്രതിസന്ധിയില്‍ സിഇഒക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് നോട്ടീസ് വിശദമാക്കുന്നത്.
🗞️👉 നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചന തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്ടത്. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്. കേസിൽ ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കുറ്റത്തിൽ നേരിട്ട് പങ്കെടുത്തവരാണ് പ്രതികൾ. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വിജീഷ് വിപി, അഞ്ചാം പ്രതി വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവര്‍ കുറ്റക്കാരെന്നാണ് തെളിഞ്ഞത്.
🗞️👉 ജപ്പാനിൽ ഭൂചലനം; വടക്ക് – കിഴക്കൻ തീരത്ത് സുനാമി മുന്നറിയിപ്പ്
ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. വടക്കൻ ജപ്പാനിലെ മിസാവയ്ക്ക് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. മൂന്ന് മീറ്റർ ഉയരത്തിൽ തിരമാലകൾ ഉയരുമെന്നാണ് മുന്നറിയിപ്പ്. തീരദേശവാസികളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനായി കാലാവസ്ഥാ ഏജൻസി നിർദേശം നൽകി. ജപ്പാന്റെ തീരദേശ മേഖലകളായ ഹൊക്കൈഡോ , അമോരി, ഇവാറ്റെ പ്രവിശ്യകളിലാണ് സുനാമി മുന്നറിയിപ്പ് നൽകിയത്. ഈസ്റ്റ് ജപ്പാൻ റെയിൽവേ മേഖലയിലെ ചില സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്.
🗞️👉 താമരശ്ശേരി ഫ്രഷ്കട്ട് സംഘർഷം; ഒരാൾ കൂടി അറസ്റ്റിൽ
കോഴിക്കോട് താമരശ്ശേരി ഫ്രഷ്കട്ട് മാലിന്യ സംസ്കരണ പ്ലാൻ്റിനെതിരായ സംഘർഷത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കൂടത്തായി അമ്പലക്കുന്നുമ്മൽ റാമിസ് ആണ് പിടിയിലായത്. രാജസ്ഥാനിലെ ജയ്പൂർ എയർപോർട്ടിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ അറസ്റ്റിൽ ആയവരുടെ എണ്ണം 30 ആയി. താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
🗞️👉 തിരുവനന്തപുരത്ത് ഒൻപതാം ക്ലാസുകാരിയെ ക്രൂരമായി മർദിച്ച സംഭവം; അച്ഛൻ അറസ്റ്റിൽ
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ 14 കാരിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. അരങ്കമുകൾ സ്വദേശി പ്രബോധ് ചന്ദ്രനാണ് പിടിയിലായത്. ജെ ജെ ആക്റ്റ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരം കുട്ടിയെ മർദിച്ചതിനും തെറി വിളിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ഭാര്യയെ മർദിച്ചതിനും കേസ് എടുത്തിട്ടുണ്ട്. ഒൻപതാം ക്ലാസുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
🗞️👉 തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് മര്‍ദനമേറ്റു; യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ബന്ധു കൈ വിരല്‍ കടിച്ച് മുറിച്ചു
എറണാകുളം തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് മര്‍ദനമേറ്റു. പിസി മനൂപിനാണ് മര്‍ദനമേറ്റത്. യുഡിഎഫ് സ്ഥാനാര്‍ഥി സുജിത്തിന്റെ ബന്ധു മദ്യ ലഹരിയിലെത്തി കൈ വിരല്‍ കടിച്ചു മുറിച്ചു എന്നാണ് പരാതി.ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. മനൂപിന്റെ വയറ്റിലടക്കം ചവിട്ടുകയും ചെയ്തു. മനൂപ് തൃക്കാക്കരയിലെ ആശുപത്രിയില്‍ ചികിത്സ തേടി. ബൂത്ത് ഓഫീസില്‍ നില്‍ക്കുന്ന സമയത്താണ് രാമദാസ് എന്നയാളും മനൂപും വാക്കുതര്‍ക്കമുണ്ടാകുന്നത്. തര്‍ക്കം മര്‍ദനത്തില്‍ കലാശിച്ചു. മര്‍ദനം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് കൈയില്‍ കടിച്ചത്.
🗞️👉 സംഘടനയിൽ പ്രവർത്തിക്കാൻ തടസമില്ല; ഫെഫ്ക യോഗം ചേർന്ന് തീരുമാനമെടുക്കും: ബി. ഉണ്ണികൃഷ്ണൻ
നിലവിലെ സാഹചര്യത്തിൽ ദിലീപിന് സംഘടനയിൽ പ്രവർത്തിക്കുന്നതിന് തടസം ഇല്ലെന്ന് ബി ഉണ്ണികൃഷ്ണൻ. ഫെഫ്ക യോഗം ചേർന്ന് തീരുമാനം എടുക്കും. വിധിയെ സ്വാഗതം ചെയ്യാനോ നിരസിക്കാനോ ഇല്ല. ദിലീപ് അറസ്റ്റിൽ ആയപ്പോൾ ആദ്യം നടപടി എടുത്തത് ഫെഫ്ക. സംഘടനയില്‍ പ്രവര്‍ത്തിക്കുക എന്നത് അയാളുടെ മൗലികാവകാശമാണെന്നും സംഘടനയുടെ കമ്മിറ്റി ചര്‍ച്ച ചെയ്ത് അക്കാര്യം തീരുമാനിക്കട്ടെയെന്നും ബി ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
🗞️👉 രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ: മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി
രണ്ടാമത്തെ പീഡന പരാതിയിൽ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം പൂർത്തിയായി. തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിലാണ് വാദം നടന്നത്. രാഹുൽ മാങ്കൂട്ടത്തിൽ തന്നെ അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് രണ്ടാമത്തെ പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴി.
🗞️👉 തദ്ദേശ തിരഞ്ഞെടുപ്പ്; സർക്കാരിനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരായ വിധിയെഴുത്തായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ജനങ്ങളെ മറന്ന് കൊള്ളക്കാര്‍ക്കും അഴിമതിക്കാര്‍ക്കും വേണ്ടി ഭരണം നടത്തുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് സിപിഐഎം നേതൃത്വം സ്വീകരിച്ചതെന്നും അമിത നികുതി ഭാരവും വിലക്കയറ്റവും അടിച്ചേല്‍പ്പിച്ച് സമസ്തമേഖലയിലേയും ജനങ്ങളുടെ ജീവിതം ദുസഹമാക്കിയെന്നും അദ്ദേഹം പറഞ്ഞു.












