തിരുവനന്തപുരം: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തെ ‘മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഭീകരകൃത്യം’ എന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പിട്ടു.
ഈ ഭീകരകൃത്യത്തിന് പിന്നിൽ പ്രവർത്തിച്ചവർ ആരായാലും അവരെ ഉടനടി കണ്ടെത്താനും തക്കതായ ശിക്ഷ ഉറപ്പാക്കാനും സാധിക്കണം. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ ഉറ്റവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും, പരിക്കേറ്റവർക്ക് മികച്ച ചികിത്സയിലൂടെ വേഗം ജീവിതത്തിലേക്ക് തിരികെയെത്താൻ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
രാജ്യത്തിൻ്റെ ക്രമസമാധാനത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തുന്ന ശക്തികൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി നിൽക്കണം. ഇനി ഒരിക്കലും ഇതുപോലൊരു ദുരന്തം ആവർത്തിച്ചു കൂടാ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ദേശീയ തലത്തിൽ സുരക്ഷാ ഭീഷണിയുണ്ടായ പശ്ചാത്തലത്തിൽ, രാജ്യത്തെ ജനാധിപത്യപരമായ പ്രതിരോധത്തിൻ്റെ പ്രാധാന്യമാണ് മുഖ്യമന്ത്രി തൻ്റെ കുറിപ്പിലൂടെ ഉയർത്തിക്കാട്ടിയത്.












