ചേർപ്പുങ്കൽ: അസാമാന്യമായ ഗ്രഹണ ശേഷിയിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും കലാസ് വേൾഡ് റെക്കോർഡ്‌സിലും ഇടം നേടിയ മൂന്നര വയസ്സുകാരി ഡയാന ജോഷിക്ക് ആദരവുമായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി. വീട്ടിലെത്തി. കേരള കോൺഗ്രസ് (എം) സംസ്കാരവേദി പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ കൊച്ചുമിടുക്കിയെ ആദരിച്ചത്.
വെറും 57 സെക്കൻഡിനുള്ളിൽ മോണ്ടിസോറി സ്ലൈഡ് കളർ പസിൽ പൂർണ്ണമാക്കിയതിനാണ് ഡയാനയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് അംഗീകാരം ലഭിച്ചത്.
കേവലം ഒരു വയസ്സും എട്ടുമാസവും പ്രായമുള്ളപ്പോൾ തന്നെ 213 വസ്തുക്കൾ തിരിച്ചറിഞ്ഞ് ഡയാന ഏവരെയും അമ്പരപ്പിച്ചിരുന്നു. പഴങ്ങൾ, വാഹനങ്ങൾ, മൃഗങ്ങൾ, പക്ഷികൾ, ശരീരഭാഗങ്ങൾ, സ്റ്റേഷനറി, ഗൃഹോപകരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വസ്തുക്കളാണ് ഡയാന വേർതിരിച്ചറിഞ്ഞത്.
കൂടാതെ, കലാസ് വേൾഡ് റെക്കോർഡ്‌സിൽ നിന്നും ഡയാന തന്റെ അസാധാരണമായ കഴിവിന് അംഗീകാരം നേടിയിട്ടുണ്ട്. ഈ റെക്കോർഡ് പ്രകാരം 325 വസ്തുക്കൾ തിരിച്ചറിയാൻ ഈ കൊച്ചുമിടുക്കിക്ക് സാധിച്ചു.
ഈ അപൂർവമായ നേട്ടങ്ങൾക്ക് പിന്നിൽ കുടുംബത്തിന്റെ ശക്തമായ പിന്തുണയാണുള്ളതെന്ന് ജോസ് കെ. മാണി എം.പി. അഭിപ്രായപ്പെട്ടു. ഡയാനയുടെ മാതാപിതാക്കളായ ടെക്‌നോപാർക്ക് ഐ.ടി. മാനേജർ ജോഷി മാത്യു, ടെക്‌നോപാർക്ക് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ബിനു ജോഷി എന്നിവരുടെ മാർഗ്ഗനിർദ്ദേശവും ഡയാനയുടെ ഗ്രാൻഡ് പേരന്റ്‌സ് ആയ ബേബി, മേരിക്കുട്ടി വെള്ളിയാംമാക്കൽ, ഇമ്മാനുവൽ, കുട്ടിയമ്മ വരകുകാലായിൽ എന്നിവരുടെ പ്രോത്സാഹനവുമാണ് ഈ നേട്ടങ്ങൾക്ക് ആധാരശിലയായത്.
സംസ്കാരവേദി നിയോജകമണ്ഡലം പ്രസിഡന്റ് ജെയ്സൺ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ, കേരള കോൺഗ്രസ് (എം) നേതാക്കളായ പ്രൊഫ. ജോഷി മറ്റം, ജോൺ അമനത്തുകുന്നേൽ, ജോ ജോസഫ് അമനത്തുകുന്നേൽ, ജോസ് ചൂരനോലിൽ, ലാലു മലയിൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.












