കടുത്തുരുത്തി: ലൈഫ് പദ്ധതിയില്‍ അഞ്ചേകാല്‍ ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കുമെന്ന്
മന്ത്രി എം.ബി. രാജേഷ്. കല്ലറ പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 103 വീടുകളുടെ താക്കോല്‍ സമര്‍പണം നടത്തുകയായിരുന്നു അദേഹം. നാല് ലക്ഷത്തി അറുപത്തിയേഴായിരം വീടുകള്‍ ഇതിനോടകം പൂര്‍ത്തിയാക്കി കഴിഞ്ഞു. 18,885.58 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഇതില്‍ 17,000 കോടിയും കേരളം സ്വന്തമായി കണ്ടെത്തിയതാണ്. ചേരിയില്‍ കഴിഞ്ഞിരുന്ന 394 കുടുംബങ്ങളെയാണ് ഫോര്‍ട്ട് കൊച്ചിയില്‍ പണിത 13 നില ഫ്‌ളാറ്റില്‍ പുനരധിവസിപ്പിച്ചത്.
സമൂഹത്തിന് ഹരിതകര്‍മ സേനയോടുള്ള മനോഭാവത്തില്‍ മാറ്റമുണ്ടായത് സര്‍ക്കാര്‍ കൂടെ നിന്നത് കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. 13 വാര്‍ഡുകളില്‍ നിന്നുള്ള ഗുണഭോക്താക്കളുടെ പ്രതിനിധികളായ 13 പേര്‍ക്ക് മന്ത്രി താക്കോല്‍ കൈമാറി. പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന യോഗത്തില്‍ സി.കെ. ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി മനോജ്, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, പഞ്ചായത്തംഗങ്ങളായ വി.കെ. ശശികുമാര്‍, മിനി ജോസ്, ജോയി കോട്ടയില്‍, ലീല ബേബി, രമേശ് കാവിമറ്റം, ഷൈനി ബൈജു, അമ്പിളി ബിനീഷ്, ജോയി കല്‍പകശ്ശേരി, മിനി അഗസ്റ്റിന്‍, ഉഷ റെജിമോന്‍, പഞ്ചായത്ത് സെക്രട്ടറി കെ.പി. യശോധരന്‍, വിഇഒ ജോമോന്‍ തോമസ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ നിഷ ദിലീപ് എന്നിവര്‍ പ്രസംഗിച്ചു.













